Trending

യൂത്ത് ലീഗ് പോസ്റ്ററില്‍ കാവി നിറവും താമരയും, വിമര്‍ശകര്‍ക്ക് മറുപടിയുമായി പികെ ഫിറോസ്.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പോസ്റ്ററില്‍ കാവി നിറവും താമരയും ഉള്‍പ്പെടുത്തിയത് വിമർശിക്കപ്പെടുന്നതില്‍ മറുപടിയുമായി പികെ ഫിറോസ് എംഎല്‍എ. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന ആശയമാണ് പോസ്റ്ററിലുളളതെന്നും വർത്തമാന ഇന്ത്യൻ ഭരണകൂടത്തെ സൂചിപ്പിക്കുന്നതാണ് പോസ്റ്ററിലെ കാവി നിറത്തിലെ താമരയും മുനയൊടിഞ്ഞ പെൻസിലുമെന്ന് പി.കെ ഫിറോസ് വിശദീകരിക്കുന്നു.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രമേയവുമായി ബന്ധപ്പെട്ട പോസ്റ്ററിന് വൻ പ്രചാരമാണ് ലഭിച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റർ ചർച്ച ചെയ്ത എല്ലാവർക്കും നന്ദി. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്നതായിരുന്നു സമ്മേളനത്തിൻ്റെ പ്രമേയം. ഈ ആശയം ഉള്‍കൊള്ളുന്നതായിരുന്നു പോസ്റ്ററിൻ്റെ ഉള്ളടക്കം.

പോസ്റ്ററിലെ ഷാർപ്പൻ ചെയ്ത കാവി നിറത്തിലുള്ള പെൻസില്‍ താമര ഇതളുകള്‍ പോലെയായിരുന്നു. ഇതായിരുന്നു വിമർശകരുടെ ഊന്നല്‍. കാവി നിറവും താമരയുമൊക്കെ പോസ്റ്ററില്‍ കൊടുക്കാൻ പാടുണ്ടോ എന്നതായിരുന്നു ചോദ്യം. യഥാർത്ഥത്തില്‍ വർത്തമാന ഇന്ത്യൻ ഭരണകൂടത്തെ സൂചിപ്പിക്കുന്നതായിരുന്നു പെൻസില്‍. മതേതര മൂല്യങ്ങളെ കാറ്റില്‍ പറത്തി പുതിയ ചരിത്രം രചിക്കാനൊരുങ്ങിയ ഫാഷിസ്റ്റുകളെ സൂചിപ്പിക്കുന്ന പ്രതീകാത്മക പെൻസില്‍!

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ജെൻസി വിപ്ലവം പ്രതീക്ഷയാണ്. യഥാർത്ഥ ഇന്ത്യൻ ആത്മാവിനെ മാറ്റിയെഴുതുന്ന, കാവിയില്‍ വിരിഞ്ഞ പെൻസിലിൻ്റെ മുനയൊടിഞ്ഞ് തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെയും വളർച്ചയുടെയും പ്രതീകമായ പച്ച നിറത്തിലുള്ള 'ഇറേസർ' (സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് മയക്കട്ട എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്) കാവിയിലലിഷ്‌ഠിതമായ രചനകളെ മായ്ച്ചുകളയാനും തിരുത്താനുമുള്ളതാണ്. മനോഹരമായ ഈ പോസ്റ്റർ ഡിസൈൻ ചെയ്തത് പ്രശസ്‌ത ഡിസൈനർ സൈനുല്‍ ആബിദ് ആണ്.ഇതിനകം പോസ്റ്ററിന് വലിയ പ്രചാരണമാണ് ലഭിച്ചതെന്നും ഫിറോസ് വ്യക്തമാക്കി. നവംബര്‍ 6, 7, 8 തിയ്യതികളില്‍ എറണാകുളത്ത് വെച്ചാണ് യൂത്ത് ലീഗ് സമ്മേളനം.
Previous Post Next Post
Italian Trulli
Italian Trulli