കല്ലുരുട്ടി: എസ്എംഎ (Spinal Muscular Atrophy) ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ചികിത്സാ സഹായ ധനസമാഹരണ ഓഫീസ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ മുനീർ സന്ദർശിച്ചു.
സമാഹരണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം, പ്രയാസങ്ങൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ പിതാവിനെ നേരിൽ കണ്ട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും നിലവിലുള്ള ചികിത്സാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞു.
സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ളവരുടെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഈ കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകാൻ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
Tags:
MUKKAM