കൊടിയത്തൂർ: വേദന അനുഭവിക്കുന്നവർക്ക് ആശ്വാസമേകാനും കിടപ്പു രോഗികൾക്കും മറ്റു പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവർക്കും കരുതലിന്റെ കൈത്താങ്ങാകാനുമുള്ള സന്ദേശവുമായി കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ വളണ്ടിയർ സംഗമവും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു.
ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
'വേദന നിവാരണം സാന്ത്വന പരിചരണത്തിലെ അവിഭാജ്യ ഘടകം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. വേദന കുറയ്ക്കുന്നതിനൊപ്പം രോഗികൾക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിൽ പാലിയേറ്റീവ് പരിചരണത്തിനുള്ള പ്രാധാന്യം സംഗമം ഓർമിപ്പിച്ചു.
സാന്ത്വനപരിചരണ പ്രവർത്തനങ്ങളിൽ വളണ്ടിയർമാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സേവനമനോഭാവം കൂടുതൽ സജീവമാക്കുന്നതിനും സംഗമം വേദിയായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത സംഗമം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ചെയർമാൻ നിസാർ അഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം മജീദ് മൂലത്ത് മുഖ്യപ്രഭാഷണം നടത്തി.
പാലിയേറ്റീവ് ചെയർമാൻ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ കസ്ന ഹമീദ്, എം.പി ജുമൈല, കെ.സി മുഹമ്മദ് യൂസുഫ്, പാലിയേറ്റീവ് സെക്രട്ടറി പി.എം.എ നാസർ, ടി.ടി അബ്ദുറഹ്മാൻ
അസ്ലം അരീക്കോട്, മജീദ് കുവ്വപ്പാറ എന്നിവർ സംസാരിച്ചു.
വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് ഫസൽ കൊടിയത്തൂർ, കെ.എ റഹ്മാൻ ചെറുവാടി, ബഷീർ പുതിയോട്ടിൽ, ഇ. ബാലൻ പന്നിക്കോട്, കെ ആദിൽ, പി.പി സിദ്ദീഖ് ഹുസൈൻ, സി.പി അബ്ദുൽ അസീസ്, ഹസനുൽ ബസരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
രോഗികളുടെ വേദന തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പരിചരണവും സ്നേഹവും പിന്തുണയും നൽകേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിയ സംഗമം പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ കൂട്ടായ്മയുടെയും സന്നദ്ധസേവനത്തിന്റെയും പ്രസക്തി ഉയർത്തിക്കാട്ടി.
Tags:
HEALTH