✍️ഗിരീഷ് കാരക്കുറ്റി
ചേന്ദമംഗല്ലൂർ ഉമ്മംപുറത്ത് അബ്ദുസ്സലാം (61) നിര്യാതനായി.
ഇരുവഴിഞ്ഞി പുഴയുടെ കുളിർകാറ്റേറ്റ് പുളകിതമായ മണ്ണ് ചേന്ദമംഗലൂർ. സാമ്പത്തിക - സാംസ്കാരിക - സാമൂഹിക - വിദ്യാഭ്യാസ വളർച്ചയുടെ വിളനിലമാണിവിടം.
രണ്ട് ദശാബ്ദങ്ങൾക്കപ്പുറം കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൻ്റെ കലക്ഷൻ ഏജന്റായി ഞാൻ ബാങ്ക് പിരിവിന് വേണ്ടി ഇരുവഴിഞ്ഞി പുഴയിലൂടെ കാൽനടയായി അക്കര കടന്നു ഒരിക്കലും പരിചയമില്ലാത്ത ചേന്ദമംഗല്ലൂർ എന്ന ലോകത്ത് എത്തിപ്പെട്ടപ്പോൾ വാട്ടാക്കയും, ഇംതിഹാസും എന്നെ പരിചയപ്പെടുത്തിയ നാടിന്ന്, എൻ്റെ നാടും വീടും പോലെയായി പിരിയാൻ പറ്റാത്ത വിധം സൗഹൃദ വലയത്തിലകപ്പെട്ടു ഞാൻ.
ആ സൗഹൃദ പൂന്തോപ്പിലെ സുഗന്ധം വിടർത്തിയ സലാമുട്ടിക്ക എന്ന സുഗന്ധ പുഷ്പം ഞ്ഞെട്ടറ്റു വീണത് ഇടനെഞ്ചിനെ നൊമ്പരപ്പെടുത്തി.
സഹോദര തുല്യം എൻ്റെ പ്രിയ സുഹൃത്തായിരിന്നു സലാമാക്ക. അദ്ദേഹത്തിൻ്റെ ആ സൗഹൃദ കൂട്ടായ്മക്ക് പ്രായഭേദ വ്യത്യാസം ഇല്ലായിരുന്നു.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം 1990 കളിൽ മുക്കത്തെ പാരലൽ കോളേജുകളിൽ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് നീണ്ട വർഷത്തോളം സൗദിയിലും, കുവൈറ്റിലും പ്രവാസജീവിതത്തിലേർപ്പെട്ടു. ഫുട്ബോൾ കളിക്കാരൻ അല്ലെങ്കിലും ഫുട്ബോളിനെ ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തിയായിരുന്നദ്ദേഹം. ബ്രസീൽ ചേന്ദമംഗല്ലൂരിൻ്റെ കളികാണാൻ ഏതറ്റം വരെയും പോകും.
ചേന്ദമംഗല്ലൂർ അങ്ങാടിയിലെ നിറസാന്നിധ്യമായിരുന്നദ്ദേഹം. ഏത് സമയത്തും കൂടെ പ്രായ വ്യത്യാസം ഇല്ലാതെ സുഹൃത്തുക്കളുണ്ടാവും ഏവർക്കും പ്രിയങ്കരനായിരുന്നു സലാമുട്ടിക്ക.
താറാവ് കൃഷിയായിരുന്നു പ്രധാനം. അവയ്ക്കുള്ള തീറ്റ സംഘടിപ്പിക്കുന്നതിന് വേണ്ടി ചേന്ദമംഗല്ലൂരും പരിസരത്തുമുള്ള ഹോട്ടലുകളിൽ നിന്നും, പച്ചക്കറി കടകളിൽ നിന്നുമുള്ള വേസ്റ്റ് സംഘടിപ്പിച്ചു ഒന്നോ രണ്ടോ ബക്കറ്റിലാക്കി വീട്ടിലേക്ക് നടന്നു പോകുന്ന സലാമക്കയേ അറിയാത്തവരാരുണ്ട്.
ആൾ തിരക്കിനിടയിൽ അങ്ങാടിയിൽ വെച്ച് കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തിൻ്റെ നർമ്മഭരിത സൗഹൃദ സംഭാഷണം കേട്ടാസ്വദിക്കാൻ വലിയ രസമായിരുന്നു.
ആ സൗഹൃദം കൈമുതലാക്കി ഞങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കാണാൻ വേണ്ടി ബാങ്ക് പിരിവിൽ ഞാൻ ഒരു അക്കൗണ്ട് തുടങ്ങിച്ചു. താറാവ് കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനമാണ് നിക്ഷേപമായി തരാറുള്ളത്. ഇടയ്ക്കിടക്ക് എന്നോട് പറയും "താറാവ് അറിയേണ്ട, നിനക്ക് ഞാൻ പൈസ തരുന്നത് അറിഞ്ഞാൽ പിന്നെ മുട്ടയിടില്ല"
അതുകൊണ്ട് ഞാൻ പലപ്പോഴും കാണുമ്പോൾ ചോദിക്കും "താറാവ് അറിയാത്തതുണ്ടോ" എന്ന കോഡ് ഭാഷയിൽ. അപ്പോൾ ചിരിച്ചുകൊണ്ട് നിക്ഷേപമായി നൂറോ ഇരുന്നൂറോ എടുത്തു തരും.
എവറസ്റ്റ് ടൈലർ ഷോപ്പിലെ സലാമാക്കയും കൂടെ നമ്മുടെ സലാമുട്ടിയും ചേർന്നാൽ പിന്നെ കൂട്ടുകാർ ഓരോരുത്തരായ് കൂടിചേരും ചിരിയുടെ മാലപ്പടക്കത്തിന് നമ്മുടെ സലാമുട്ടി തിരികൊളുത്തിയാൽ പിരിഞ്ഞു പോരാൻ കഴിയില്ല. അത്രയ്ക്കും രസകരമായിരുന്നു ആ സൗഹൃദ പൂന്തോപ്പ്.
ആദ്യ വിവാഹം വേർപ്പെട്ടതിനുശേഷം അദ്ദേഹം ഏകനായി വിവാഹം കഴിക്കാതെ ജീവിതയാത്ര തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. ഇടക്ക് ഞാൻ ചോദിക്കും ഒരു വിവാഹം കഴിക്കണമെന്ന്. അപ്പോൾ ചിരിച്ചുകൊണ്ട് പറയും ഇനി സമയമില്ല തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് ടിക്കറ്റ് എടുത്ത് വച്ചിരിക്കുകയാണെന്ന്...
അദ്ദേഹം ആഗ്രഹിച്ചത് പോലെ ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ ആരെയും ബുദ്ധിമുട്ടിക്കാതെ ആരോടും യാത്ര പറയാതെ തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് ഇത്ര പെട്ടെന്ന് യാത്ര പറയാതെ പോകുമെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല.
ആ സ്നേഹ സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളായ താറാവ് കൂട്ടത്തെ തനിച്ചാക്കിയുള്ള യാത്ര ഒരുപക്ഷേ അദ്ദേഹത്തിന് വേർപിരിക്കാൻ പ്രയാസമുണ്ടാക്കിയിരിക്കാം.
പ്രിയപ്പെട്ട സലാമുട്ടിക്ക ഒരുപാടൊരുപാട് ഓർമ്മകൾ ബാക്കിവെച്ച് യാത്രയായാലും ചേന്ദമംഗല്ലൂർ അങ്ങാടിയുടെ ഓരോ മുക്കിലും മൂലയിലും നിങ്ങളുടെ പൊട്ടിച്ചിരികളും കളി തമാശകളും നിറസാന്നിധ്യമായി ഇവിടെ ഉണ്ടാകും.
ആ ദീപ്ത സ്മരണക്കുമ്പിൽ കണ്ണീർ പ്രണാമം...