കൂളിമാട്: കൂളിമാട് പാലച്ചുവട്ടിൽ എക്സൈസ് വകുപ്പിൻ്റെ റിലാക്സ് സെൻ്റർ സ്ഥാപിക്കുന്നത് പരിഗണനയിൽ. കൂളിമാട് പാർക്കും പരിസരവും ഇതോടെ എക്സൈസിന്റെ സജീവ നിരീക്ഷണത്തിലാകും.
സർക്കാറിൻ്റെ ഓപ്പറേഷൻ തൂഫാന് പിന്തുണച്ച് അക്ഷര കൂളിമാടിൻ്റെ തൂഫാൻ തണ്ടർ ഡ്രൈവ്’ ക്യാമ്പയിന്റെ ഭാഗമായി അക്ഷര ഭാരവാഹികൾ സെക്രട്ടറി സി. അലിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫിനെയും നേരിൽ കണ്ട് പിന്തുണ നേടിയതിന് പിന്നാലെയാണ് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിന്റെ നിർദ്ദേശപ്രകാരം സന്തോഷ് ചെറുകോട് (അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, കോഴിക്കോട്), ഡോ. ജിതേഷ് (എക്സൈസ് വിമുക്തി ജില്ലാ കോഡിനേറ്റർ), സുജിത്ത് എൻ. (എക്സൈസ് പ്രിവന്റീവ് ഓഫീസർ, കുന്നമംഗലം എക്സൈസ് റേഞ്ച്), മുബഷിർ വി.പി (എക്സൈസ് സിവിൽ ഓഫീസർ, കുന്നമംഗലം) എന്നിവരടങ്ങിയ സംഘമാണ് കൂളിമാട് പാലത്തിന് താഴെയുള്ള പാർക്ക് പരിസരം പരിശോധനയുടെ ഭാഗമായി സന്ദർശിച്ചത്.
സ്ഥലം എം.എൽ.എ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കൂടുതൽ ചർച്ച നടത്തുമെന്ന് സംഘം അറിയിച്ചു. വാർഡ് മെമ്പർ ഒ. സ്മിജ, അക്ഷര പ്രസിഡണ്ട് ഇ.കെ നസീർ, സെക്രട്ടറി സി എ അലി, അക്ഷര തൂഫാൻ തണ്ടർ ഡ്രൈവ് കൺവീനർ കെടിഎ നാസർ, കെ.സി നജ്മുൽ ഹുദ, എ സാദിഖലി, പി.എ ജിയാദ് എന്നിവർ സംഘത്തെ അനുഗമിച്ചു.
✍️ മജീദ് കൂളിമാട്.
Tags:
MAVOOR