✍️ ഗിരീഷ് കാരക്കുറ്റി.
പരസ്യ കലയിലും, സാമൂഹ്യ സാംസ്കാരിക പാരിസ്ഥിതിക രംഗത്തും നിറസാന്നിധ്യമായി ഒരു പുരുഷായുസ്സ് മുഴുവൻ മാനവ സൗഹൃദത്തിൻ്റെ ഈറ്റില്ലമായ മുക്കത്തിന്റെ മടിത്തട്ടിൽ നിറഞ്ഞു നിന്ന ഏവർക്കും പ്രിയങ്കരനായ നടുക്കണ്ടി സലാം മാസ്റ്റർ വിടവാങ്ങി.
കുട്ടികൾക്കും യുവാക്കൾക്കും നാട്ടുകാർക്കും കൂട്ടുകാർക്കും പ്രായഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനായിരുന്നു സലാം മാസ്റ്റർ. കലയെയും, സാഹിത്യത്തെയും, പരിസ്ഥിതിയെയും സ്നേഹിക്കുകയും സുഹൃത്ത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും നർമ്മഭരിതമായ സംസാര പ്രിയനായ മാഷേ ഏവർക്കും ഇഷ്ടമായിരുന്നു.
ഞാനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധത്തിലായിരുന്നു മാഷ്. 1990 കളിൽ കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്ന ഘട്ടത്തിൽ, സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി കൊടിയത്തൂരിലെ സാംസ്കാരിക സംഘടനയായ യുവചേതനയുടെ "കിരൻകുട്ടി സത്യം അറിയുന്നു" എന്ന തെരുവു നാടക സംഘത്തിൻ്റെ കൂടെ ജീപ്പിൽ അനൗൺസ്മെന്റ് നടത്തുമ്പോഴാണ് മാഷുമായി കൂടുതൽ പരിചയപ്പെടുന്നത്.
കീരൻ ക്കുട്ടി സത്യമറിയുന്നു എന്ന നാടകത്തിൽ കൊടിയത്തൂരിലെ പ്രശാന്ത് മാസ്റ്റർ കീരൻ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ കൂടെ ഞാനും ചെറിയൊരു കഥാപാത്രം ചെയ്തിരുന്നു. പ്രശാന്ത് മാസ്റ്ററുടെ അവതരണ ശൈലിയിൽ ഹരം പിടിച്ചു മാഷ് ആനയാം കുന്നിൽ നിന്നും ഞങ്ങളുടെ ജീപ്പിൽ കയറി മൈക്കെടുത്ത് അനൗൺസ്മെൻ്റ് ആരംഭിച്ചു. രസകരമായ അനൗൺസ്മെൻ്റ് ജനശ്രദ്ധയാകർഷിച്ചു. വലിയ പറമ്പിലെത്തിയപ്പോൾ മാഷേ ശൈലി ഇങ്ങനെയായിരുന്നു "കറുത്തപറമ്പിലെ കറുത്തവരോടല്ല, വലിയ പറമ്പിലെ വലിയവരോടാണ്, വലിയ പറമ്പിലെ വലിയവരെ ഇന്ന് സർക്കാർ പറമ്പിൽ യുവചേതന കൊടിയത്തൂരിന്റെ കീരൻകുട്ടി സത്യം അറിയുന്നു എന്ന നാടകം അരങ്ങേറുകയാണ് വലിയ പറമ്പിലെ വലിയവരെ നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
ഒരിക്കൽ ചേന്ദമംഗല്ലൂർ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഘട്ടത്തിൽ ക്ലാസിൽ ചന്ത കണക്കെ കുട്ടികൾ ഉച്ചത്തിൽ ബഹളം വെച്ചപ്പോൾ ഒരു വടിയുമായി ഓടിയെത്തി മാഷ് മേശയിൽ രണ്ട് അടി അടിച്ചു.ഇങ്ങനെ പറയുന്നു " ഇതൊരു സ്കൂളാണെന്നും, ഇതൊരു ക്ലാസ്സാണെന്നും, ഞാൻ ഒരു അധ്യാപകനാണെന്നും, നിങ്ങൾ വിദ്യാർത്ഥികളാണെന്നും ഓർമ്മ വേണം ഇത് മുക്കത്തെ ചന്തയല്ല"
ഒരിക്കൽ സൗത്ത് കൊടിയത്തൂരിലൂടെ ഒരു പരസ്യത്തിന്റെ അനൗൺസ്മെന്റ് വാഹനവുമായി പോകുമ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ സി ടി സിയുടെ പിതാവ് സി ആലി കാക്ക വീടിൻ്റെ കോലായിൽ ഇരിക്കുമ്പോൾ മൈക്കിൽ ഉച്ചത്തിൽ മാഷ് വിളിച്ചുപറയുന്നു "എളാപ്പ ഞാൻ ഇതുവഴി കടന്നു പോവുകയാണ്" ഇതുകേട്ട് അങ്ങാടിയിൽ കൂട്ടച്ചിരിക്കിടയാക്കി.
ശിവരാത്രി വന്നാൽ മാഷിന് തിരക്കോട് തിരക്ക്, മുക്കത്തെ കടകളുടെ അനൗൺസ്മെൻ്റ് മാഷുടെ ശൈലിയിൽ ശിവരാത്രി കാണാൻ വരുന്നവരെ കേൾപ്പിക്കാൻ രസകരമായി അവതരിപ്പിക്കും.
നാട്ടിലെ കടകൾക്കും ക്ലബ്ബുകൾക്കും സാംസ്കാരിക സംഘടനകൾക്കുമെല്ലാം മാഷ് പേരിട്ട് കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളും പേരുകളും ഇന്നും നിലനിൽക്കുന്നുണ്ട്. സൗത്ത് കൊടിയത്തൂരിലെ
"മാനവ" എന്ന സാംസ്കാരിക സംഘടന ഇതിലൊരുദാഹരണം.
ഇരുവഴിഞ്ഞി പുഴയെ സ്നേഹിച്ച മാഷ് ഇരുവഴിഞ്ഞിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ നിരവധി പദയാത്രകൾ, പോസ്റ്റർ പ്രചരണങ്ങൾ കൂടാതെ നാലാള് കൂടുന്നിടത്തെല്ലാം രസകരമായി ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്യും.
കാല ചെറുപ്പം മുതലേ നല്ലൊരു ഗാന്ധിയനായി ലളിത ജീവിതം നയിച്ച മാഷ്, അധ്യാപകൻ, മാധ്യമപ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ, അനൗൺസർ, പരിസ്ഥിതി ആക്ടിവിസ്‌റ്റ്, ഡോക്യുമെൻ്ററി ഫിലിം മേക്കർ, നടൻ, സംഘാടകൻ തുടങ്ങി സാമൂഹ്യ ജീവിതത്തിൻ്റെ സർവ മേഖലകളിലും തന്റേതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഒരുപാട് ഓർമ്മകൾ മുക്കത്തിന് സമർപ്പിച്ചു വിടവാങ്ങുകയാണ്.
ആ ദീപ്ത സ്മരണക്കു മുമ്പിൽ കണ്ണീർ പ്രണാമം.