ചേന്ദമംഗല്ലൂർ: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള ഈ വർഷത്തെ ജില്ലാതല പുരസ്കാരത്തിൽ (രണ്ടാം സ്ഥാനം) ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അർഹരായി. തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ. എൻ. ഷംസുദീനിൽ നിന്നും സ്കൂൾ പ്രതിനിധികൾ അവാർഡ് ഏറ്റുവാങ്ങി.
മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. സജിത് ബാബു ഐ.എ.എസ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അമ്മമാർക്കുള്ള ഐ.ടി പരിശീലനം, സൈബർ സുരക്ഷാ ക്ലാസുകൾ, സ്കൂൾ വിക്കി അപ്ഡേഷൻ, റോബോട്ടിക്സ് പരിശീലനവും മേളയും, ഐ.ടി ലാബ് - ഹൈടെക് ക്ലാസ് മുറികളുടെ സംരക്ഷണം, സൗജന്യ സോഫ്റ്റ്‌വെയർ പ്രചാരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മികവോടെ നടപ്പിലാക്കിയതാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
നിലവിൽ മൂന്ന് ബാച്ചുകളിലായി പ്രവർത്തിക്കുന്ന യൂണിറ്റിന് ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഇസ്മയിൽ റാജി റംസാൻ, ഹാജറ എ.എം, ഐശ്വര്യ വി. ഗോപാൽ, എസ്.ഐ.ടി.സി അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകുന്നു.
Tags:
EDUCATION