മുക്കം: ലഹരിയുടെ ദൂഷ്യഫലങ്ങൾ അനാവരണം ചെയ്യുകയും ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥി യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും പകർന്ന് നൽകുകയും ചെയ്യുന്ന "ഡെയ്ഞ്ചറസ് വൈബ്" സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഫൈസൽ ഹുസൈന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.
മുക്കം പെൻഷൻ ഭവൻ ഹാളിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി ഉപഹാരം സമർപ്പിച്ചു. പ്രസിഡൻ്റ് എ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടി ഗ്രന്ഥകാരനും ലൈബ്രറി കൗൺസിൽ അംഗവുമായ എ വി സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മനസ്സാക്ഷി മരവിപ്പിക്കുന്ന ചില അനിഷ്ട സംഭവങ്ങളാണ് ഈ സിനിമ നിർമ്മിക്കാൻ പ്രചോദനമായതെന്നും ഈ ആദരം ലഹരിക്കെതിരായ എൻ്റെ പോരാട്ടത്തിന് കൂടുതൽ കരുത്തും പ്രചോദനവും നൽകുമെന്നും ഫൈസൽ ഹുസൈൻ എടുത്ത് പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കാൻ പോരാടുന്ന പോലീസ് ഓഫീസറുടെ കഥ പറയുന്ന സിനിമ കേരള സർക്കാരിൻ്റെ ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കാൻ തയ്യാറായിരിക്കുകയാണെന്നും തൂഫാനുമായി സഹകരിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ വിദ്യാലയങ്ങളിലും കോളേജുകളിലും ആഭ്യന്തര, സാംസ്കാരിക വകുപ്പിൻ്റെ കീഴിൽ സംസ്ഥാന വ്യാപകമായും സിനിമ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡൻ്റ് കെ അബ്ദുറഹ്മാൻ മാസ്റ്റർ, സെക്രട്ടറി എൻ ബാലകൃഷ്ണൻ മാസ്റ്റർ, മുക്കം മുൻസിപ്പൽ കൗൺസിൽ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, എ.പി മുരളീധരൻ മാസ്റ്റർ മാതൃഭൂമി, വി ഉമ്മാച്ചക്കുട്ടി ടീച്ചർ, എം.സി മുഹമ്മദ് അൻവർ, അഡ്യ: വി.പി പുഷ്പനാഥൻ, പി അലിക്കുട്ടി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ എസ് എസ് പി യു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി ടി അബൂബക്കർ മാസ്റ്റർ സ്വാഗതവും വനിതാ വിംഗ് മുക്കം ബ്ലോക്ക് കൺവീനർ ഉമൈബാൻ ബീഗം ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
Tags:
KODIYATHUR