72ാം മിനിറ്റിൽ സ്വിസ് ഫോർവേഡ് എംബോളോ ചുവപ്പ് കാർഡ് വഴങ്ങിയത് കളിയിൽ നിർണായമായി.
കാൻസാസ് സിറ്റി: എക്‌സ്‌ട്രൈ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന ലോകകപ്പ് സെമിയിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയം സ്വന്തമാക്കിയാണ് നിലവിലെ ചാമ്പ്യൻമാർ അവസാന നാലിലേക്ക് മുന്നേറിയത്. അലെക്‌സിസ് മാക് അലിസ്റ്റർ (10), ഹൂലിയൻ അൽവാരസ് (112), ലൗട്ടാരോ മാർട്ടിനസ് (120+1) എന്നിവരാണ് അർജന്റീനക്കായി ഗോൾ നേടിയത്.
67ാം മിനിറ്റിൽ ഡാൻ എൻഡോയിയുടെയാണ് സ്വിറ്റ്‌സർലൻഡ് ഗോൾ കണ്ടെത്തിയത്. മുഴുവൻ സമയം ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയത്. 72ാം മിനിറ്റിൽ സ്വിസ് ഫോർവേഡ് ബ്രീൽ എംബോളോ ചുവപ്പ് കാർഡ് വഴങ്ങിയത് അവസാന ക്വാർട്ടർ ഫൈനലിൽ നിർണായമായി.
എക്‌സ്ട്രാ ടൈമിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ കളംനിറഞ്ഞ നിലവിലെ ചാമ്പ്യൻമാർ രണ്ടാം പകുതിയിൽ വിജയമുറപ്പിക്കുകയായിരുന്നു. മികച്ചൊരു ലോങ് റേഞ്ചറിലൂടെ 112ാം മിനിറ്റിൽ ഹൂലിയൻ അൽവാരസാണ് നിർണായക ലീഡ് നേടികൊടുത്തത്. ഈ ലോകകപ്പിൽ അർജന്റൈൻ ഫോർവേഡ് നേടുന്ന ആദ്യ ഗോളാണിത്.
കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ (120+1) കൗണ്ടർ അറ്റാക്കിൽ നിന്നും ലൗട്ടാരോ മാർട്ടീനെസ് അർജന്റീനയുടെ മൂന്നാം ഗോളും നേടി സ്വിസ് പടയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന നിരന്തര മുന്നേറ്റങ്ങൾ നടത്തിയിരുന്നെങ്കിലും സ്വിസ് പ്രതിരോധം കടക്കാനായില്ല. സെമിയിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.
ലോക ചാമ്പ്യന്മാർ അർജന്റീന സെമിയിൽ ഇഗ്ലണ്ടിനെ നേരിടും: ജൂലൈ 15-ന് അമേരിക്കയിലെ അറ്റ്ലാന്റയിൽ നടക്കുന്ന സെമിഫൈനൽ മത്സരം ഇന്ത്യൻ സമയം ജൂലൈ 16 പുലർച്ചെ 12:30-നാണ് ആരംഭിക്കുക
നിലവിലെ ലോകചാമ്പ്യൻമാരായ അർജന്റീന 2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ 3–1ന് പരാജയപ്പെടുത്തിയ അർജന്റീനയാണ് അവസാന നാലിലെത്തിയത്.
മറുവശത്ത്, നോർവെയെ 2–1ന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചത്.
ജൂലൈ 15-ന് അമേരിക്കയിലെ അറ്റ്ലാന്റയിൽ നടക്കുന്ന സെമിഫൈനൽ മത്സരം ഇന്ത്യൻ സമയം ജൂലൈ 16 പുലർച്ചെ 12:30-നാണ് ആരംഭിക്കുക. ഈ പോരാട്ടത്തിലെ വിജയി ഫൈനലിൽ ഫ്രാൻസ്–സ്പെയിൻ സെമിയിലെ വിജയിയെ നേരിടും.
1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ മറഡോണയുടെ ചരിത്രപ്രസിദ്ധമായ വിജയവും, 1998, 2002 ലോകകപ്പുകളിലെ ഏറ്റുമുട്ടലുകളും ഉൾപ്പെടെ അർജന്റീന–ഇംഗ്ലണ്ട് പോരാട്ടങ്ങൾ എന്നും ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സെമിഫൈനലും ലോകമെമ്പാടുമുള്ള ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Tags:
SPORTS