കൊടിയത്തൂർ: 2026 - 27 അധ്യയന വർഷത്തെ പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കുന്നതിനും വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെയും വ്യക്തമായ പഠന ലക്ഷ്യത്തോടെയും മുന്നോട്ട് നയിക്കുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
ധാർമിക മൂല്യത്തോടെ പുതു തലമുറയെ മികച്ച പൗരനാക്കി വളർത്തിയെടുക്കുക, വിദ്യാർത്ഥികളുടെ പഠന മികവ് വർധിപ്പിക്കുക, പരീക്ഷാഭീതി അകറ്റുക, സമയനിയന്ത്രണവും ലക്ഷ്യബോധവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി സ്കൂൾ പ്രിൻസിപ്പാൾ പി.ടി ഇസ്മയിൽ ഉദ്ഘാടനം നിർവഹിച്ചു. ഉന്നത വിജയം കൈവരിക്കുന്നതിന് കൃത്യമായ പഠനശീലവും ആത്മവിശ്വാസവും അത്യന്താപേക്ഷിതമാണെന്നും വിദ്യാർത്ഥികൾ സമയത്തെ ഫലപ്രദമായി വിനിയോഗിച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രമുഖ മോട്ടിവേറ്ററും പ്രഭാഷകനുമായ ശ്രീ ജമാലുദ്ദീൻ മങ്കട ക്ലാസിന് നേതൃത്വം നൽകി. പരീക്ഷയെ ആത്മ വിശ്വാസത്തോടെ നേരിടേണ്ടതിന്റെ പ്രാധാന്യം, പഠന രീതികളിലെ കാര്യക്ഷമത, ലക്ഷ്യനിർണ്ണയം, മാനസിക സമ്മർദ്ദം മറികടക്കാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിൽ പ്രചോദനാത്മകമായ അനുഭവങ്ങളും ഉദാഹരണങ്ങളും പങ്കുവെച്ചത് പരിപാടിയെ ശ്രദ്ധേയമാക്കി.
പ്ലസ് ടു വിദ്യാർത്ഥികൾ വലിയ ആവേശത്തോടെ ക്ലാസിൽ പങ്കെടുത്തു. പരീക്ഷാ തയ്യാറെടുപ്പുകൾക്ക് ആത്മവിശ്വാസം പകരുന്നതിനുവേണ്ടി മികച്ച പ്ലാനുകളാണ് സ്കൂൾ തയ്യാറാക്കിയിട്ടുള്ളത്.
നിരന്തര മൂല്യനിർണയം, പാരൻസ് ഗാതറിംഗ്, ഗ്രഹ സന്ദർശനം, മിഷൻ A+, മെൻ്ററിങ് സിസ്റ്റം, തീവ്ര പരിശീലന ക്യാമ്പുകൾ തുടങ്ങി നിരവധി പദ്ധതികളാണ് അക്കാദമിക വർഷം തയ്യാറാക്കിയിട്ടുള്ളത്.
പരിപാടിയിൽ കെ.ടി സലീം, സഹർബാൻ കോട്ട, ഫഹദ് ചെറുവാടി, ജാസിറ പി.കെ, ജിംഷിദ പി.സി, അബ്ദുൽബാരി എം.സി എന്നിവർ സംബന്ധിച്ചു.
ഫോട്ടോ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച റൂട്ട് മാപ്പ് പ്രോഗ്രാം പ്രിൻസിപ്പൽ പി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു.
Tags:
EDUCATION