സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു.ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കനത്ത മഴയില്‍ കാഞ്ഞങ്ങാട് ഹൊസ്ദുർഗില്‍ യു ബി എം സി സ്കൂള്‍ വളപ്പിനോട് ചേർന്ന മതില്‍ക്കെട്ട് ഇടിഞ്ഞു താണു. യു ബി എം ചർച്ചിന് പിറകിലെ നിർമ്മാണത്തില്‍ ഇരിക്കുന്ന മതിലാണ് തകർന്നത്. സ്കൂള്‍ കുട്ടികളുള്‍പ്പെടെ ഉപയോഗിക്കുന്ന വഴിയിലാണ് കോണ്‍ക്രീറ്റ് ഭീമും ഉരുളൻ കല്ലുകളും ഉള്‍പ്പെടെ നിലം പതിച്ചത്. ആരും കടന്നുപോകാത്ത സമയമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. കോണ്‍ക്രീറ്റ് ബീം നിർമ്മിച് അതില്‍ ഉരുളൻ കല്ലുകള്‍ ഉയർത്തിവെച്ച് മണ്ണിട്ട് ഉറപ്പിച്ചായിരുന്നു നിർമ്മാണം. മഴവെള്ളം കുത്തിയിറങ്ങിയതോടെ മതിലിന് സമീപം നിക്ഷേപിച്ച മണ്ണ് പുറത്തേക്ക് തള്ളുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ മരം വീണ് സ്കൂട്ടർ യാത്രികനും, കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികയുമാണ് മരിച്ചത്.
Tags:
KERALA