Trending

അയൽപക്കത്തെ ആമിനാച്ചിയും വിടപറഞ്ഞു.




✍️ ഗിരീഷ് കാരക്കുറ്റി.

കാരക്കുറ്റി പരേതനായ വലിയമാനു കാക്കയുടെ ഭാര്യ കാരാട്ട് ആമിന (92) നിര്യാതയായി. മക്കൾ: ചേക്കുട്ടി, ആലിക്കുട്ടി, അബ്ദുൽ മജീദ്, അബ്ദുറഹീം, മുജീബ്, സിദ്ധീഖ്, കദീജ, പാത്തുമ്മ, സാജിറ. മരുമക്കൾ: ആസ്യ (മുരിങ്ങംപുറായി), റംല (കിഴിശ്ശേരി), ഷഹർബാൻ (പെരുമണ്ണ), സുഹറ (നെല്ലിക്കാപറമ്പ്), ശരീഫ (പെരുമ്പറമ്പ്), ഫസ്ല (തിരുവമ്പാടി), ഉസ്മാൻ (മുക്കം), അമീൻ (കോഴിക്കോട്), പരേതനായ ഇസ്മായിൽ (മുരിങ്ങംപുറായ്).

കാല ചെറുപ്പം മുതലേ കണ്ടുവളർന്ന പ്രിയപ്പെട്ട ഉമ്മമാർ ഒരുപക്ഷേ പോറ്റമ്മമാർ എന്നും പറയാം. കാരണം എൻ്റെ വീടിൻ്റെ അടുത്ത് അയൽപക്ക ക്കാരായി ഓർമ്മവച്ച നാൾ മുതൽ ആമിനാച്ചി, പുൽപറമ്പിൽ സൈനബാച്ചി, വട്ടപ്പാറ മാച്ചാച്ചി, മറിയാത്ത, ചാലണ്ടിയിലെ ആമിനാത്ത, കുയ്യിൽ ആമിനാച്ചി, പുൽപറമ്പിൽ ആമിനാച്ചി, പേക്കാടൻ ആയിഷാത്ത, കാരക്കുറ്റി കല്യാണി ഏടത്തി, എം.എ പാത്തുമ്മ താത്ത, പാലക്കോട്ട് പറമ്പിൽ കല്യാണി ഏടത്തി, കാരക്കുറ്റി കുട്ടൂലി ഏടത്തി... ഇവരൊക്കെ ആയിരുന്നു ബാല്യകാലങ്ങളിൽ എനിക്ക് വേണ്ടപ്പെട്ടവർ. ഇതിൽ പലരും ഇന്നില്ല. പക്ഷേ ഓർമ്മകൾക്ക് മരണമില്ല, അവർ നൽകിയ സ്നേഹത്തിന് അതിരുകളില്ലായിരുന്നു.

ഓടിക്കളിച്ചു തളരുമ്പോൾ കുറച്ചു കഞ്ഞിവെള്ളം അല്ലെങ്കിൽ പത്തിരി, കപ്പ പുഴുങ്ങിയത്, കട്ടൻ ചായ ഇതൊക്കെ തരാൻ ഇവരൊക്കെയാ ഉണ്ടായിരുന്നത്. സ്വന്തം മക്കളെ പോലെ അവരെല്ലാവരും എന്നെയും മറ്റുള്ളവരെയും ചേർത്തു പിടിച്ചിരുന്നു. പറമ്പുകൾക്ക് വേലിക്കെട്ടുകളോ അതിരുകളോ ഇല്ലായിരുന്നു. ചക്കയും, മാങ്ങയും, തേങ്ങയും എല്ലാം എല്ലാവർക്കും സ്വന്തമായിരുന്നു. ഒരമ്മ പെറ്റ മക്കളെ പോലെയായിരുന്നു ഈ വീടുകളിലുള്ള കുട്ടികളെല്ലാവരും.

ഒരുമിച്ചുള്ള കളിയും, നടക്കൽ തോട്ടിലുള്ള കുളിയും, മാവിൻ ചോട്ടിൽ ഇളങ്കാറ്റിൽ വീഴുന്ന മാങ്ങ പെറുക്കാനായി ഉന്തും തള്ളും, തമ്മിൽ വഴക്ക് കൂടുമ്പോൾ പഞ്ചായത്ത് പറയാൻ ആരുടെയും പക്ഷം ചേരാതെ ചേർത്തുപിടിക്കുന്ന ഈ "ഉമ്മമാരുടെ" സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല.

ചാലണ്ടിയിലെ പറമ്പിലെ എരഞ്ഞിപൂവിന്റെ നറുമണം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. അതിൻ്റെ പൂവ് കൊണ്ട് മാല കോർത്ത് കയ്യിൽ ചുറ്റി സ്കൂളിലേക്ക് പോകുന്നതും ക്ലാസിലാകെ സുഗന്ധം പടരുമ്പോൾ അധ്യാപകരും കുട്ടികളും അതിൽ നിന്ന് ഒരു പൂവ് പിച്ചി എടുക്കാൻ ശ്രമിക്കുന്നതും എല്ലാം ഓർക്കുകയാണിപ്പോൾ.

പ്രിയപ്പെട്ട ആമിനാച്ചിയുടെ കയ്യിൽ നിന്ന് എത്രയോ തവണ ഭക്ഷണം കഴിച്ചു. വിശപ്പകറ്റീട്ടുണ്ട്. കാണുമ്പോഴെല്ലാം മക്കളെ പോലെ വീട്ടിലേ അടുക്കളയിലിരുത്തി വയറു നിറയെ ഉള്ള ഭക്ഷണം തരും. നർമ്മ ഭരിതമായ സ്നേഹാമൃതം പുരട്ടിയ വർത്താനം കേട്ടാൽ തന്നെ വയറു നിറയും. കുറച്ചുകാലങ്ങളായി ക്ഷേമ പെൻഷൻ കൊണ്ടു കൊടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ലഭിച്ചപ്പോൾ ബാല്യകാല സ്മരണങ്ങൾ അഴവിറക്കാനായി.

അസുഖബാധിത ആയപ്പോഴും ഇടയ്ക്കിടക്ക് തിരിച്ചുവരുന്ന ഓർമ്മകളിൽ എൻ്റെ ശബ്ദം കേട്ടാൽ തന്നെ എന്നെ തിരിച്ചറിയുമായിരുന്നു.
കാണുമ്പോഴും ഓർമ്മ വരുമ്പോഴും എന്നോട് ചോദിക്കുന്നത് അമ്മയുടെ കാര്യമാണ്, അത്രയും സുഹൃത്തുക്കളായിരുന്നവർ തമ്മിൽ. ഒരു മുള്ള് കുത്തിയാൽ അത് എടുക്കുവാനായി കൊക്കിച്ചാടി എൻ്റെ വീട്ടിലേക്ക് വന്നത് എനിക്ക് ഓർമ്മയുണ്ട്. എൻ്റെ അമ്മ മുള്ള് എടുത്തു കൊടുക്കുമ്പോൾ ജീവിത പ്രാരാബ്ദങ്ങളെ കുറിചുള്ള വർത്തമാനങ്ങളായിരുന്നു അതിൽ പലതും. കഷ്ടപ്പാടിന്റെ കൈപ്പുനീരു കുടിച്ചാണ് പലരും ആ കാലങ്ങളിൽ വളർന്നുവന്നത്.

ഓർമ്മകൾക്കും മുൻപിൽ കണ്ണീർ പ്രമാണം
Previous Post Next Post
Italian Trulli
Italian Trulli