Trending

സത്യവിശ്വാസം ഹൃദയത്തിലേറ്റി, ദീനി ബോധം പകർന്നു നൽകി ഹസ്സൻ മുസ്ലിയാർ വിട വാങ്ങി.





✍️ഗിരീഷ് കാരക്കുറ്റി.

ഓർമ്മചെപ്പിൽ നിന്നും ഹസ്സൻ മുസ്ലിയാരെ ചികഞ്ഞെടുക്കുമ്പോൾ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം എൽ.പി സ്കൂൾ യു.പി സ്കൂളായി ഉയർത്തിയതുമൂലം പരിമിതമായ ക്ലാസ് മുറികൾ കൊണ്ട് വീർപ്പുമുട്ടിയപ്പോൾ, ഒന്നാം ക്ലാസ് സിറാജുൽ ഇസ്ലാം മദ്രസയിലേക്ക് മാറ്റി.

സ്കൂളിലേക്ക് പോകാനുള്ള ആവേശത്തിൽ ഒരിക്കൽ മദ്രസ വിടുന്നതിനു മുമ്പ് ക്ലാസ്സിൽ എത്തിയ എന്നെക്കണ്ട് കുട്ടികൾ ആർത്തു ചിരിച്ചു. എന്നാൽ പുഞ്ചിരിച്ചു കൊണ്ട് കയറി വരൂ ഇരിക്കൂ എന്ന് പറഞ്ഞത് വെള്ള ഫുൾകൈ ഷർട്ടും തലയിൽ കള്ളി ഉറുമാലും കെട്ടിയ ഹസ്സൻ മുസ്ലിയാർ ആയിരുന്നു. 

സ്നേഹാമൃതം പുരട്ടി ശാന്തമായി സംസാരിക്കുന്ന മുസ്ലിയാരെ അന്നേ എനിക്കിഷ്ടപ്പെട്ടു. പിന്നീട് നേരത്തെയുള്ള എൻ്റെ ക്ലാസിലേക്കുള്ള വരവ് പതിവാക്കി. വലിയൊന്നിലെ അലിഫും, ബാവും, താവും പതുക്കെ പരിചയപ്പെടാൻ തുടങ്ങി. കുട്ടികളുടെ കൈകളിലെ ഉറുമാലിൽ കെട്ടിപ്പൊതിഞ്ഞ വിശുദ്ധ മുസൗഹ്ഫും, വെള്ള തൊപ്പിയും തലയിലെ ഉറുമാൽ കെട്ടും എല്ലാം എനിക്ക് കൗതുകമായിരുന്നു. 

ഹസ്സൻ മുസ്‌ലിയാർ എൻ്റെ സഹപാഠി കൊയിലാട്ട് ബീരാൻകുട്ടിയുടെ ജ്യേഷ്ഠൻ ആണെന്ന് പിന്നീട് കുട്ടികൾ ആരോ പറഞ്ഞു. പിന്നീട് കൂടുതൽ അദ്ദേഹവുമായി അടുപ്പത്തിലായി.

അത്ഭുത കാഴ്ചകളായിരുന്നു മദ്രസയിലെ ക്ലാസ് മുറികളന്നെനിക്ക്.
കാരണം എൻ്റെ കാരക്കുറ്റിയിൽ കറണ്ടില്ലായിരുന്നു. എന്നാൽ സിറാജുൽ ഇസ്ലാം മദ്രസയിൽ കത്തുന്ന ബൾബും ഫാനും അതിന്റെയൊക്കെ സ്വിച്ചും കൈകൊണ്ട് തൊടുന്നതും അനുഭവിച്ചറിയുന്നതും അന്നായിരുന്നു. ചുമരിൽ തൂക്കിയ വലിയ ക്ലോക്കിൻ്റെ സൂചിയുടെ കറക്കത്തിനനുസരിച്ച് ആടിക്കളിക്കുന്ന അതിൻ്റെ പെൻഡുലത്തിൻ്റെ ആട്ടവും ശബ്ദവും കേൾക്കാൻ നല്ല രസമായിരുന്നു.

പിതാവിനെ പോലെ സത്യവിശ്വാസിയും മദ്രസകളും പള്ളികളും നിരവധി ശിഷ്യന്മാരുമായി ജീവിതയാത്ര തുടർന്നു. ആരോടും വെറുപ്പോ വിദ്വേഷവും ഇല്ലാതെ എല്ലാവരോടും സ്നേഹം മാത്രം പകർന്നു നൽകി നല്ലൊരു സത്യവിശ്വാസിയായിരുന്ന ഹസ്സൻ മുസ്ലിയാരുടെ വിയോഗത്തിൽ ആദരാഞ്ജലികൾ.
Previous Post Next Post
Italian Trulli
Italian Trulli