✍️ഗിരീഷ് കാരക്കുറ്റി.
1990 കളിൽ കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ സഖാവ് നായനാരുടെ നേതൃത്വത്തിൽ കേരളത്തിലെ മന്ത്രിസഭ തീരുമാനമെടുത്തതും കേരളകരയാകെ അതേറ്റെടുത്തതും, കൊടിയത്തൂർ പഞ്ചായത്തിൽ അക്ഷരത്തോണിയുടെ ചുക്കാൻ പിടിക്കാൻ രാമചന്ദ്രൻ മാസ്റ്റർ എത്തിയതും, രാപ്പകലില്ലാതെ തോളിൽ തുണിസഞ്ചിയും പേറി ഓടിനടന്ന് കൊടിയത്തൂരിലെ അവശേഷിക്കുന്ന അക്ഷരമറിയാത്തവർക്ക് അക്ഷരമോതി കൊടുക്കാനും സാക്ഷരത പ്രവർത്തകരെ ചേർത്തുപിടിച്ച ആ കാലഘട്ടം എന്റെ പൊതു പ്രവർത്തനത്തിന് ഊർജമായി.
പഠിതാക്കളുടെ മുന്നിൽ എങ്ങനെ ക്ലാസെടുക്കണമെന്നും, എങ്ങനെ പെരുമാറണമെന്നും രാമചന്ദ്രൻ മാസ്റ്റർ ശാന്തമായി ഞങ്ങളെ പഠിപ്പിച്ചു.
മാസങ്ങളോളം നീണ്ടുനിന്ന സാക്ഷരത യജ്ഞവും, വന്ധ്യ വയോധികരായ നൂറുകണക്കിന് പഠിതാക്കളും കൊടിയത്തൂരിന്റെ തങ്ക ലിപികളിൽ എഴുതി ചേർക്കപ്പെട്ടു.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായ രാമചന്ദ്രൻ മാസ്റ്ററെ പുറകെ കൂടി ഞാനും കൊടിയത്തൂരിലെ സി ഇമ്പിച്ചാലിയും കൊടിയത്തൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂണിറ്റുണ്ടാക്കി. യുറീക്ക വിജ്ഞാനോത്സവം ഉൾപ്പെടെയുള്ള നിരവധി പരിപാടികൾ സംഘടിപ്പിച്ചു. രാമചന്ദ്രൻ മാഷോടൊപ്പം മേഖല കമ്മിറ്റിയിൽ പ്രവർത്തിക്കാനുള്ള അവസരമുണ്ടായി.
അന്ന് കൊടിയത്തൂരിൽ നൂറുകണക്കിന് പേർ അക്ഷരാഭ്യാസമില്ലാത്തവരുണ്ടായിരുന്നു. ജീവിത പ്രാരാബ്ദത്തിനിടയിൽ അക്ഷരങ്ങൾ സ്വയാപ്തമാക്കാൻ കഴിയാത്ത നിരവധി പേർക്ക തൊ രാശ്വാസമായി. വളരെ ഉത്സാഹത്തോടെ ഉമ്മമാരും, അച്ഛനുപ്പൂപ്പമാരും സാക്ഷരത ക്ലാസിലെത്തിയിരുന്നത്. എന്നെപ്പോലുള്ള കുട്ടി അധ്യാപകരെ വാത്സല്യത്തോടെയാണ് അവരെതിരേറ്റത്. പൊതു പ്രവർത്തനത്തിലെ മറക്കാനാവാത്തതും ഓർമ്മയിലെന്നും മായാതെ കിടക്കുന്ന അനുഭവങ്ങൾക്ക് ചിറകുമുളപ്പിച്ചത് രാമചന്ദ്രൻ മാസ്റ്ററെ പോലുള്ളവരാണ് .
സാക്ഷരത പ്രവർത്തനത്തിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടും ഉറങ്ങിയും കളിച്ചും രസിച്ചും കളി തമാശകൾ പറഞ്ഞു ചിലവഴിച്ച ആ കാലഘട്ടം മറക്കാൻ കഴിയില്ല.
ജീവിത യാത്രയിലുടനീളം ശാസ്ത്ര പ്രവർത്തനത്തിനും, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനത്തിനും, ജീവിതം മാറ്റി വെച്ച പ്രിയ രാമചന്ദ്രൻ മാസ്റ്ററുടെ ദീപ്ത സ്മരണക്ക് മുമ്പിൽ കണ്ണീർ പ്രണാമം.
Tags:
HISTORY
