Trending

വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായി പ്രവാസി കൂട്ടായ്മ.



കൊടിയത്തൂർ: സർക്കാർ വിദ്യാലയത്തിൽ വർദ്ധിച്ച വിദ്യാർഥികൾക്ക് ഇരിപ്പിടം ഒരുക്കി മാതൃകയായിരിക്കുകയാണ് കൊടിയത്തൂരിലെ പ്രവാസി കൂട്ടായ്മ. കൊടിയത്തൂർ ജി എം യു പി സ്കൂളിൽ ഈ അധ്യയന വർഷം മുൻ വർഷത്തെക്കാൾ കൂടുതൽ ആയി ചേർന്ന 150 ഓളം കുട്ടികൾക്ക് ഇരിപ്പിടം ഒരുക്കിയാണ് കൊടിയത്തൂർ എമിറേറ്റ്സ് ഫോറം എന്ന പ്രവാസി കൂട്ടായ്മ മാതൃകയായത്.


അക്കാദമിക നിലവാരവും ഭൗതിക സാഹചര്യങ്ങളും വർദ്ധിച്ചതിനെ തുടർന്ന് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 150 ഓളം വിദ്യാർത്ഥികൾ വർദ്ധിച്ചത്. മുക്കം ഉപജില്ലാ മേളകളിൽ പത്തിനങ്ങളിലും ഓവറോൾ ചാമ്പ്യൻമാർ കൂടിയാണ് ഈ വിദ്യാലയം. 56 കുട്ടികൾ ഈ വർഷം എൽ എസ് എസ്/ യു എസ് എസ് പരീക്ഷകളിൽ വിജയം നേടിയതും സ്കൂളിന്റെ ചരിത്രത്തിലെ സർവ്വകാല റിക്കോർഡാണ്.

വർണ്ണക്കൂടാരം, ശീതീകരിച്ച ക്ലാസ് മുറികൾ, തുടങ്ങി ഭൗതിക സാഹചര്യങ്ങളിലും വൻ കുതിച്ചു ചാട്ടം ആണ് 115 വർഷം പഴക്കം ഉള്ള ഈ പൊതു വിദ്യാലയം ഈ വർഷം കൈവരിച്ചത്.

ഇതിനെ തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ ക്രമതീതമായ വർധന ഉണ്ടായതിനാൽ ഇരിപ്പിടം ഒരുക്കാൻ സ്കൂൾ അധികൃതർ പ്രയാസപ്പെടുകയായിരുന്നു. അധ്യാപക രക്ഷാകർതൃ സമിതിയുടെ അഭ്യർത്ഥന മാനിച്ചാണ് കൊടിയത്തൂർ എമിറേറ്റ്സ് ഫോറം ആവശ്യമായ ഫർണിച്ചർ സ്കൂൾ തുറന്ന് ഒരാഴ്ചക്കകം തന്നെ നൽകാൻ തയ്യാറായത്.

സംഘടനയ്ക്ക് വേണ്ടി കോർഡിനേറ്റർ യാസർ മംഗലശ്ശേരി ഫർണിച്ചറുകൾ വിദ്യാലയത്തിന് കൈമാറി. പ്രധാനാധ്യാപിക എം കെ ഷക്കീല ഏറ്റുവാങ്ങി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ നൗഫൽ പുതുക്കുടി, പിടിഎ വൈസ് പ്രസിഡണ്ട് പി.പി ഫൈസൽ, മുൻ ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, സ്റ്റാഫ്‌ കൗൺസിൽ സെക്രട്ടറി ഫൈസൽ പാറക്കൽ, അധ്യാപകരായ മുഹമ്മദ് നജീബ് ആലിക്കൽ, എം.പി ജസീദ, എം സതീഷ് കുമാർ, പി അനിത, കെ.പി നഷീദ, ഹമീദ് ചൂലൂർ, ജസീല ചേലേടത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli