വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡ് കൺവെൻഷൻ ജില്ലാ സെക്രട്ടറി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: തെയ്യത്തും കടവ് റോഡ്, കോട്ടമുഴി റോഡ്, കൈതക്കുണ്ട് - പന്നിക്കോട് റോഡ് എന്നിവ എത്രയും വേഗം ഗതാഗത യോഗ്യമാക്കി ജനങ്ങളുടെ ദുരിതത്തിന് അറുതിയുണ്ടാക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡ് കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു. ഗതാഗത കുരുക്കും താറുമാറായ റോഡും യാത്രക്കാരെ വലക്കുകയും പ്രദേശത്തെ കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തിരിക്കുന്നു.
പ്രശ്നപരിഹാരം വൈകുകയാണെങ്കിൽ റോഡ് ഉപരോധം, എം.എൽ.എ ഓഫീസ് മാർച്ച് തുടങ്ങിയ ജനകീയ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും കൺവെൻഷൻ മുന്നറിയിപ്പ് നൽകി. ജില്ലാ സെക്രട്ടറി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജാഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഹമീദ്, സെക്രട്ടറി ഇ.എൻ നദീറ, കെ അബ്ദുല്ല മാസ്റ്റർ, പി.പി ബഷീർ മാസ്റ്റർ, പി.പി അശ്റഫ്, മുംതാസ് കൊളായിൽ, ബുഷ്റ എം.കെ, റഫീഖ് കുറ്റിയോട്ട് എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR