Trending

ഉപരി പഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം.



കോഴിക്കോട്: ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ തേടി സുപ്രഭാതം എജ്യു എക്സ്പോയിൽ വിദ്യാർഥികളുടെ തിരക്ക്. മലയോര മേഖലയായ കൊടുവള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും കോഴിക്കോട് നഗരത്തിലെ വിവിധ സ്‌കൂളുകളിലേയും വിദ്യാർഥികളാണ് ഉപരിപഠനത്തിന്റെ ഭാവി സംബന്ധിച്ച് വിശദമായ അറിയാനും സംശയങ്ങൾ ചോദിച്ച് മനസിലാക്കാനുമായി എക്സ്പോയിലെത്തിയത്.


രണ്ട് ദിവസങ്ങളിലായി എളേറ്റിൽ വട്ടോളി മെറുസില കൺവൻഷൻ സെന്ററിൽ നടക്കുന്ന എക്സ്പോയിലേക്ക് രാവിലെ മുതൽ തന്നെ രക്ഷിതാക്കളും കുട്ടികളും എത്തി തുടങ്ങിയിരുന്നു. 9.30നു രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ വിദ്യാർഥികളുടെ നീണ്ട നിരയായിരുന്നു കൺവെൻഷൻ സെന്ററിലുണ്ടായത്.

വിവിധ പരീക്ഷകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അവരുടെ അഭിരുചിയ്ക്ക് അനുയോജ്യമായ കോഴ്സുകൾ ഏതാണെന്നും അതിന്റെ സാധ്യതകൾ എന്തെക്കെയാണെന്നും തെരഞ്ഞെടുക്കേണ്ട സ്ഥാപനങ്ങൾ, അവിടെയുള്ള സൗകര്യങ്ങൾ, ജോലി സാധ്യതകൾ തുടങ്ങി എല്ലാ മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങളും ദൂരീകരിക്കാൻ ഉതകുംവിധത്തിലായിരുന്നു എക്സ്പോയിൽ ക്രമീകരണങ്ങൾ നടത്തിയത്.

വിവിധ കോഴ്സുകളുടേയും സ്ഥാപനങ്ങളുടേയും സാധ്യതകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എക്സ്പോയുടെ പ്രധാന ആകർഷണമാണ്. പുറമെ ഉപരിപഠനത്തിന് മാർഗ നിർദേശങ്ങളുമായി വിവിധ സെക്ഷനുകളിലായി പ്രമുഖരുടെ ക്ലാസുകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനമായി. എസ്.എസ്.എൽ.സി പരീക്ഷാഫല പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയുള്ള എക്സ്പോ വിദ്യാർഥികൾകളുടെ വഴികാട്ടിയായി മാറിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്ലസ് ടു പരീക്ഷ ഫലം കാത്തിരിക്കുന്നവരും ഈ വർഷം എസ്.എസ്.എൽ.സി എഴുതുന്നവരും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികളും ഉപരിപഠന സാധ്യതകൾ അന്വേഷിച്ച് എക്സ്പോയിൽ എത്തി. രാവിലെ 10.30 ആരംഭിച്ച ആദ്യദിവസത്തെ പരിപാടികൾ വൈകിട്ട് 5.30ന് സമാപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli