ചരിത്രം തിരുത്തിക്കുറിച്ച് എൽ എസ് എസ് പരീക്ഷയിൽ നൂറുമേനി കരസ്ഥമാക്കിയ ജി എൽ പി സ്കൂൾ കഴുത്തൂട്ടിപുറായയിലെ വിദ്യാർഥികൾ അധ്യാപകർക്കും രക്ഷാകർതൃ സമിതിയംഗങ്ങൾക്കുമൊപ്പം.
കൊടിയത്തൂർ: എൽ.എസ്.എസ് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ച് ജി.എൽ.പി സ്കൂൾ കഴുത്തൂട്ടിപുറായ ചരിത്രത്തിൽ ഇടം നേടി. പരിമിതമായ ഭൗതിക സൗകര്യങ്ങൾ മാത്രമുള്ള ഈ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന 24 കുട്ടികളിൽ നിന്ന് 12 പേരാണ് പരീക്ഷ എഴുതിയിരുന്നത്. 12 പേരും മികച്ച മാർക്കോടെയാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. കേരളത്തിൽ ഇത്തവണ 28% വിദ്യാർഥികൾ പരീക്ഷ പാസായപ്പോഴാണ് ഈ കൊച്ചു സർക്കാർ വിദ്യാലയം നൂറുമേനി നേടി അഭിമാനമായി മാറുന്നത്.
അഞ്ച് അധ്യാപകരും 76 വിദ്യാർഥികളുമുള്ള ഈ എൽ പി സ്കൂൾ കഴിഞ്ഞ അക്കാദമിക വർഷം ഉപജില്ല കല - ശാസ്ത്ര മേളകളിൽ വിവിധ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയിരുന്നു.
തകർന്നടിഞ്ഞ കെട്ടിടവും വിരലിലെണ്ണാവുന്ന കുട്ടികളുമുണ്ടായിരുന്ന ഈ വിദ്യാലയം നാലഞ്ച് വർഷമായി നാട്ടുകാരുടെയും പഞ്ചായത്തിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും പിന്തുണയോടെ വമ്പിച്ച മുന്നേറ്റം നടത്തികൊണ്ടിരിക്കെയാണ് ഈ അത്യപൂർവ്വ നേട്ടവും കൈവരിച്ചിരിക്കുന്നത്. നാടിൻ്റെ അഭിമാനമായി മാറിയ വിദ്യാർഥികളേയും അധ്യാപകരേയും രക്ഷാകർതൃ സമിതി അനുമോദിച്ചു.
പി.ടി.എ പ്രസിഡന്റ് ശംസു കുന്നത്ത്, വൈസ് പ്രസിഡന്റ് ശിഹാബ് കുന്നത്ത്, മാതൃസമിതി ചെയർപേഴ്സൺ സിറാജുന്നീസ ഉനൈസ്, എസ്.എം.സി ചെയർമാൻ എ.കെ ഹാരിസ്, സി അബ്ദുൽ കരീം, വി ശൈജൽ, ഹെഡ് മാസ്റ്റർ ടി.കെ ജുമാൻ, ബിഷ ബി എന്നിവർ സംസാരിച്ചു.
Tags:
EDUCATION