കൊടിയത്തൂരിലെ ആദ്യത്തെ പോസ്റ്റ്മാൻ കൊല്ലളത്തിൽ കുഞ്ഞഹമ്മദ് കാക്ക (92) നിര്യാതനായി.
✍️ഗിരീഷ് കാരക്കുറ്റി.
കാല ചെറുപ്പം മുതലേ വലിയ കുട്ടി ഹസ്സൻ അധികാരിയുടെ സന്തതസഹചാരിയായി കൂടെക്കൂടിയ കൊല്ലളത്തിൽ കുഞ്ഞഹമ്മദ് കാക്കയെ അധികാരിക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ നല്ല കയ്യെഴുത്തിനുടമയായ കുഞ്ഞമ്മദ് കാക്കയെ കൊടിയത്തൂരിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ് വന്നപ്പോൾ പോസ്റ്റുമാൻ ആയി ശുഭാർഷ ചെയ്തത് അദ്ദേഹത്തെ ആയിരുന്നു. തപ്പാലിലെത്തുന്ന കത്തുകളും മറ്റും വിലാസക്കാരനെ തേടി എത്തിച്ചുകൊടുക്കുകയും, വായിക്കാൻ അറിയാത്തവർക്ക് വായിച്ചു കൊടുക്കുകയും അതോടെ നാട്ടുകാരുടെ പ്രിയങ്കരനുമായി മാറി .
പിന്നീടാ ജോലി ഉപേക്ഷിച്ചു കൂപ്പുകളിൽ റൈറ്റർ ആയി കുറേക്കാലം ജോലി നോക്കുകയും ചെയ്തു.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിൽ വ്യത്യസ്ത വേഷങ്ങൾ കെട്ടിയാടുമ്പോഴും സ്നേഹ സൗഹൃദ വലയത്തിലേക്ക് കൂടുതൽ കൂടുതൽ സുഹൃത്തുക്കളെ കൂട്ടിപ്പിടിച്ച് സ്നേഹ സൗഹൃദം ദൃഢമാക്കാൻ ശ്രമിച്ചു.
എന്റെ ചെറുപ്പകാലത്ത് കുഞ്ഞഹമ്മദ് കാക്കയെ ഞാൻ കാണുന്നത് വീടുകളിൽ വൈറ്റ് വാഷ് ജോലിക്കാരനായിട്ടാണ്
ഇത്തിള് ചുട്ട് പിന്നീടത് വെള്ളത്തിലിട്ട് നീറ്റി നൂറാക്കി മാറ്റി വീടുകളിൽ വലിയ പാത്രത്തിൽ സൂക്ഷിക്കുക പതിവായിരുന്നു. അതിൽ വെള്ളവും നീലവും കൂട്ടിച്ചേർത്ത് തേങ്ങയുടെ വലിയ ചേരിപ്പൊളിയെടുത്തു കല്ലിലിട്ട് അടിച്ചു പരത്തി ബ്രഷ് ഉണ്ടാക്കി അതുകൊണ്ട് ചുമരുകൾ വെള്ളപൂശുന്ന ജോലിയിൽ മിടുക്കനായിരുന്നദ്ദേഹം. ജോലിക്കിടയിൽ മോയിൻകുട്ടി വൈദ്യരുടെ കിസ്സ പാട്ടും നാട്ടു ചരിത്രവും എല്ലാം കടന്നു വരും.
1980 കളിൽ ജീവിത പ്രാരാബ്ദത്തിനറുതി വരുത്താൻ ചെറുപ്പക്കാർ അറബിക്കടലിനക്കരെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ കഠിനാധ്വാനം ചെയ്തു ജോലിചെയ്യുന്നവർക്ക് നാട്ടു വിശേഷങ്ങൾ കത്തെഴുതി അറിയിക്കുക അദ്ദേഹത്തിൻ്റെ ഹോബിയായിരുന്നു.
ഖത്തറിലും ദുബായിലുമുള്ള ചെറുപ്പക്കാർക്ക് അദ്ദേഹത്തിൻെറ എഴുത്തുകൾ വായിക്കുമ്പോൾ വലിയ ആശ്വാസമായിരുന്നു.
നാട്ടിൽനിന്ന് ഗൾഫിലേക്ക് മടങ്ങുന്നവരുടെ വീടുകൾ സന്ദർശിച്ചു എഴുത്തുകൾ എഴുതി കൊടുത്തയക്കുക പതിവായിരുന്നു. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയങ്കരനായിരുന്നു കുഞ്ഞഹമ്മദ് കാക്ക.
കൊടിയത്തൂരിന്റെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഗ്രാമത്തിന്റെ ചരിത്രത്തോടൊപ്പം നടന്ന അനുഭവങ്ങളും ഓർമ്മകളുടെയും കലവറയായിരുന്നു. ദീപ്ത സ്മരണക്കു
മുമ്പിൽ പ്രണാമം.
ഭാര്യ: പരേതയായ ആയിശുമ്മ.
മക്കൾ: മൈമൂന (റിട്ടയേഡ് സ്റ്റാഫ്, കോഴിക്കോട് കോർപറേഷൻ), ഇത്താച്ചുട്ടി, അബ്ദുസ്സലാം (കുഞ്ഞൻ), ലൂനാബി (ജുവനൈൽ ഹോം, വെള്ളിമാട്കുന്ന്).
Tags:
HISTORY