Trending

മുതിര്‍ന്ന സി.പി.എം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.

മൃതദേഹം മെഡിക്കൽ കോളേജിന്.


ഡല്‍ഹി: മുതിര്‍ന്ന സി.പി.എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചാണ് അന്ത്യം.

അടിയുറച്ച കമ്യൂണിസ്റ്റായി എക്കാലവും നിലകൊണ്ട ബുദ്ധദേവ് ബംഗാളിലേക്ക് വ്യവസായം ആകർഷിക്കാനുള്ള നിലപാടിന്‍റെ പേരിൽ പ്രശംസയും വിമർശനവും ഒരുപോലെ നേരിട്ടു.

യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് കമ്യൂണിറ്റ് പാതയിലൂടെ വളർന്ന ബുദ്ധദേവ് പത്ത് വർഷം റൈറ്റേഴ്സ് കെട്ടിടത്തിൽ ഇരുന്ന് പശ്ചിമ ബംഗാള്‍ ഭരിച്ചു. ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു ഈ പത്ത് വർഷങ്ങള്‍.

ജ്യോതിബസുവിന്‍റെ പിന്‍മുറക്കാരൻ ആരാകുമെന്നതിന് ആശയക്കുഴപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സർക്കാരിന്‍റെ വികസന നയത്തിൽ ആശയക്കുഴപ്പം ദൃശ്യമായിരുന്നു. ഇരുപത്തിമൂന്നര വർഷത്തെ തുടർച്ചയായ കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷം അധികാരം ഏറ്റെടുത്ത ബുദ്ധദേവ് വ്യവസായങ്ങളോടുള്ള പാർട്ടി നയം മാറ്റി ബംഗാളില്‍ വികസനം കൊണ്ടുവരാനാണ് ശ്രമിച്ചത്.

ബുദ്ധദേബിന്റെ മൃതദേഹം മെഡിക്കൽ കോളേജിന്.

കൊൽക്കത്ത: അന്തരിച്ച സിപിഐ എം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80)യുടെ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് വൈദ്യ പഠനത്തിനായി കൈമാറും. അദ്ദേഹത്തിന്റെ തന്നെ ആഗ്രഹ പ്രകാരമാണ് തീരുമാനം.

തെക്കൻ കൊൽക്കത്തയിലെ ബാലിഗഞ്ചിലെ രണ്ട് മുറി സർക്കാർ അപ്പാർട്മെന്റിൽ രാവിലെ 8.20 ന് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് സംരക്ഷണ നടപടികൾക്ക് ശേഷം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

വെള്ളിയാഴ്ച രാവിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വെക്കും. വൈകുന്നേരം നാല് മണിവരെ ഓഫീസിൽ തുടരും. തുടർന്ന് വിലാപയാത്രയായി ഒരു കിലോ മീറ്റർ അകലത്തിലുള്ള എൻ ആർ എസ് മെഡിക്കൽ കോളേജിലേക്ക് സമർപ്പിക്കാനായി എത്തിക്കും.  

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അന്തിമോപചാരം അർപ്പിക്കാനായി വീട്ടിൽ എത്തിച്ചേർന്നു. മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റുവാങ്ങുക സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കുമെന്ന് അവർ വ്യക്തമാക്കി.  സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli