മുക്കം: ടൗണിൽ ഇന്ന് മുതൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കും. ടൗൺ സൗന്ദര്യവൽക്കരണത്തെ തുടർന്നു തകിടം മറിഞ്ഞ പഴയ പരിഷ്കരണം ഇന്നു മുതൽ പുനഃസ്ഥാപിക്കാനാണ് നഗരസഭയുടെയും പൊലീസിന്റെയും തീരുമാനം.
സ്റ്റാൻഡിലേക്കുള്ള ബസുകൾ അഭിലാഷ് ജംക്‌ഷനിലൂടെ ആലിൻചുവട് വഴി പോകണം. അരീക്കോട്, ചെറുവാടി, കൊടിയത്തൂർ ഭാഗത്തേക്കുള്ള ബസുകൾ പുതിയ ബസ് സ്റ്റാൻഡിലും മറ്റ് ബസുകൾ പഴയ സ്റ്റാൻഡിലും പ്രവേശിക്കണം.
പഴയ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിൽ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കാനും കയറ്റാനും പാടില്ല. ആലിൻചുവട് മുതൽ വില്ലേജ് ഓഫിസ് റോഡ് വരെയും അഭിലാഷ് ജംക്‌ഷൻ മുതൽ മുക്കംപാലം വരെയുമുള്ള റോഡിൽ ഇടതുവശവും വലതുവശവും മാറിമാറി ഒന്നിടവിട്ട ദിവസങ്ങളിൽ ചെറു വാഹനങ്ങൾ പാർക്ക് ചെയ്യാം. പിസി റോഡിലും ഇടത്, വലത് വശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെറു വാഹനങ്ങൾക്കു പാർക്ക് ചെയ്യാം.
വില്ലേജ് റോഡിൽ നിന്നു മാർക്കറ്റ് റോഡിലേക്കു പ്രവേശനം അനുവദിക്കില്ല. ഈ റോഡ് വൺവേയായി തുടരും. ഒന്നാം ഘട്ടത്തിൽ സംസ്ഥാന പാതയിൽ തെരുവു കച്ചവടം അനുവദിക്കില്ല. ഇന്നു മുതൽ 10 വരെ പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കരണം നടപ്പാക്കും. പിന്നീട് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
അഗസ്ത്യൻമൂഴി സിവിൽ സ്റ്റേഷന് മുൻപിലുള്ള ബസ്ബേയിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ബസുകൾ ബസ്ബേയിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത്.
Tags:
MUKKAM
