അങ്കാറ: തുർക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണ സംഖ്യ കുതിച്ചുയരുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് മരണസംഖ്യ 2,300 കടന്നു. തുർക്കിയിൽ 1,541ഉം സിറിയയിൽ 810ഉം പേരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. അതിനിടെ, പലയിടങ്ങളിലും തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തുർക്കി വൈസ് പ്രസിഡന്റ് ഫുആത് ഒക്ടേ ആണ് പുതിയ മരണവിവരം പുറത്തുവിട്ടത്. 1,500ലേറെ പേർ മരിക്കുകയും 9,733 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. 3,471 കെട്ടിടങ്ങൾ പൂർണമായി നിലംപൊത്തുകയും ചെയ്തിട്ടുണ്ട്.
ദുരന്തത്തിൽ യു.എൻ പൊതുസഭ ഒരു മിനിറ്റ് മൗനമാചരിച്ചു. ന്യൂയോർക്കിൽ പൊതുസഭ ആരംഭിക്കുന്നതിനു തൊട്ടുമുൻപായിരുന്നു നടപടി. യു.എൻ പ്രതിനിധികൾ തുർക്കിയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യ ദുരന്തനിവാരണ സേനയെ അയയ്ക്കും. യു.എസ്, ബ്രിട്ടൻ, റഷ്യ, ഖത്തർ തുടങ്ങിയ ലോകരാജ്യങ്ങൾ തുർക്കിക്കും സിറിയയ്ക്കും സഹായവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ സഹായവുമായി ഖത്തർ തുർക്കിയിലേക്ക് വിമാനങ്ങൾ അയച്ചിട്ടുണ്ട്.
ഉറങ്ങിക്കിടക്കെ ഇടിത്തീയായെത്തിയ ദുരന്തം.
ദക്ഷിണ തുർക്കി, വടക്കൻ സിറിയ പ്രദേശങ്ങളെയാണ് ഇന്നു പുലർച്ചെ വൻ ഭൂചലനം തകർത്തുകളഞ്ഞത്. ആളുകൾ ഉറങ്ങിക്കിടക്കെയായിരുന്നു ദുരന്തമെത്തിയത്.
തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. 6.7 തീവ്രത രേഖപ്പെടുത്തിയതടക്കം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയയിൽ വിമതനിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ വൻ ദുരന്തമാണുണ്ടായിരിക്കുന്നത്.
സൈപ്രസ്, ലബനാൻ, ഇറാഖ്, ഈജിപ്ത് അടക്കമുള്ള അയൽരാജ്യങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. ഇതുപോലൊരു ദുരന്തം കണ്ടിട്ടില്ലെന്നായിരുന്നു തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രതികരണം. 1999ൽ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 17,000 പേർ കൊല്ലപ്പെട്ടിരുന്നു.
Tags:
INTERNATIONAL
