പശ്ചാത്തല വികസനരംഗത്ത് കേരളത്തെ മികച്ച ഹബ്ബായി മാറ്റാന്‍ ശക്തമായ നടപടികളും ഇടപെടലും ആണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ നയ രൂപകല്പന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ഗുണഫലം എത്തുന്ന വിധത്തില്‍ സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാനം മുന്നേറുകയാണ്. പ്രളയക്കെടുതികളെ അതിജീവിച്ച് സംസ്ഥാനം പുതിയ കേരളം നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഒരു വിഭവവും പാഴാക്കാത്ത തരത്തിലുള്ള രൂപകല്‍പ്പനകള്‍ ഏതു പദ്ധതിയുടെ കാര്യത്തിലും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിയുടെയോ സ്‌കീമിന്റെയോ രൂപകല്‍പ്പനയുടെ തുടക്കം മുതല്‍ ഇക്കാര്യം ഉറപ്പാക്കും.
പൊതുജനസേവനം ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ വിവിധ ഭാഗത്തുള്ള അതിന്റെ ഉപയോക്താക്കള്‍ക്ക് ഗുണകരമായ വിധത്തിലാണ് അതെന്ന് ഉറപ്പാക്കണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആര്‍ക്കിടെക്ട്, അര്‍ബന്‍ ഡിസൈനര്‍മാര്‍ തുടങ്ങി ഡിസൈന്‍ രംഗത്തുള്ള എല്ലാവരുടെയും ഏകോപിതമായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതു അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി സമഗ്രമായ ഡിസൈന്‍ പോളിസി ആവിഷ്‌കരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പാലങ്ങള്‍ കെട്ടിടങ്ങള്‍ ശൗചാലയങ്ങള്‍ നടപ്പാതകള്‍ തുടങ്ങി പദ്ധതി ഏതുമാകട്ടെ അതെല്ലാം ഉപയോക്താക്കളുടെ സൗകര്യത്തെ മുന്‍നിര്‍ത്തിയുള്ള രൂപകല്‍പ്പനയാണ് ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചീഫ് സെകട്ടറി ഡോ. വി.പി ജോയ്, പി.ഡബ്ലു.ഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീനിവാസന്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍മാരായ കെ രവിരാമന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:
KERALA
