കൊടുവള്ളി: ലോകകപ്പ് മത്സര വേളയില്‍ ബ്രസീല്‍ താരം നെയ്മര്‍, അര്‍ജന്റീനിയന്‍ താരം മെസ്സി, പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ചെറുപുഴയില്‍ സ്ഥാപിച്ചെതിനെതിരെ ശ്രീജിത്ത് പെരുമന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്സ്. മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ലോകകപ്പ് പോലെയുള്ള വലിയ ആഘോഷങ്ങളുടെ കാലയളവില്‍ ആളുകള്‍ ഇത്തരം ആരാധന പ്രകടിപ്പിക്കുന്നതിനെ നിയമവിരുദ്ധമായി കാണേണ്ടതുണ്ടോ എന്ന് ഹര്‍ജി പരിഗണിക്കവെ കോടതി വാക്കാല്‍ ചോദിച്ചു.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തില്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചു എന്നും ജില്ലാ കലക്റ്ററും കൊടുവള്ളി നഗരസഭയും പരാതിയില്‍ നടപടി സ്വീകരിച്ചില്ല എന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം. തുടര്‍ന്ന് നഗരസഭ പരാതി പരിഗണിച്ചില്ല എന്നതിന്റെ പേരില്‍ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ ഹര്‍ജി പരിഗണിക്കവെ ഡിസംബര്‍ 20 ന് മുമ്ബ് തന്നെ കട്ടൗട്ടുകള്‍ നീക്കം ചെയ്തു എന്നും കട്ടൗട്ടുകള്‍ പുഴയുടെ നിരോഴുക്കിനെ തടസ്സപെടുത്തിയിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊടുവള്ളി നഗരസഭ വിശദീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കൗണ്‍സിലര്‍ അഡ്വ. മുഹമ്മദ് ശാഫി കൊടുവള്ളി നഗരസഭക്ക് വേണ്ടി ഹാജരായി.
