തോട്ടുമുക്കം: ഷറഫുദ്ദീൻ, സച്ചിൻ ബിജു, മുഹമ്മദ് റാഫ്സൽ ഖാൻ സ്മരണാർത്ഥം എല്ലാവർഷവും ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ നടത്തിവരാറുണ്ടായിരുന്ന റിപ്പബ്ലിക് ദിന ഫുട്ബോൾ ടൂർണ്ണമെന്റ് ഈ വർഷം പുനരാരംഭിച്ചു. കൊറോണ കാരണം കഴിഞ്ഞ രണ്ടു വർഷമായി ടൂർണമെന്റ് നടന്നിരുന്നില്ല. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീം അംഗങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു.
വാർഡ് മെമ്പർ ദിവ്യാ ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ, പി.ടി.എ പ്രസിഡണ്ട് വൈ.പി അഷ്റഫ്, എസ്.എം.സി ചെയർമാൻ ബാബു കെ, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എം.പി.ടി.എ പ്രസിഡന്റ് ജിഷ, വൈസ് പ്രസിഡണ്ട് ജംഷീദ, എസ്.എം.സി വൈസ് ചെയർമാൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു.
വാശിയേറിയ മത്സരത്തിനൊടുവിൽ ജി.എം.യു.പി സ്കൂൾ ചേന്നമംഗലൂർ വിന്നേഴ്സ് ട്രോഫിയും, എ.യു.പി സ്കൂൾ പന്നിക്കോട് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും തയ്യാറാക്കിയിരുന്നു.



