കൊടിയത്തൂർ: ഇന്ത്യയുടെ 74-ാംമത് റിപ്പബ്ലിക്ക് ദിന പരിപാടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 50 വിദ്യാർത്ഥികളിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന കൊടിയത്തൂർ ഫേസ് ക്യാമ്പസ് വിദ്യാർത്ഥി അമാൻഷാ അബ്ദുല്ലയെ ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നാണ് 50 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയും മറ്റു കേന്ദ്ര മന്ത്രിമാരുമായും സംവദിക്കാനുള്ള അവസരവും അമൻഷക്ക് ലഭിക്കും.
'ഇന്ത്യയെ അറിയുക, ഭരണഘടനയെ അറിയുക' എന്ന ആശയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുവജന ക്ഷേമകാര്യ മന്ത്രാലയവും ചേർന്നാണ് രാജ്യത്തെ മിടുക്കരായ 50 വിദ്യാർത്ഥികൾക്ക് ഇത്തരം ഒരു സുവർണ അവസരം ഒരുക്കുന്നത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, യുവജന ക്ഷേമ ബോർഡ് അംഗം ദീപു പ്രേംനാഥ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അരുൺ ഇ, കൊടിയത്തൂർ മേഖല സെക്രട്ടറി അനസ് താളത്തിൽ എന്നിവർ നേതൃത്വം നൽകി.
