കണ്ണൂർ : കഷ്‌പ്പാടുകളോടും തിരിച്ചടികളോടും പടവെട്ടി തന്നെയാണ് കോടിയേരി ബാലകൃഷ്ണൻ എന്ന കരുത്തനായ നേതാവ് വരുവപ്പെട്ടത്. അഞ്ചുമക്കളെ വളർത്താൻ അമ്മ നാരായണി ഒറ്റയ്ക്കു നടത്തിയ പോരാട്ടം ബാലകൃഷ്ണൻ എന്ന ബാലന് പിന്നീടുള്ള ജീവിതത്തിൽ എന്നും കരുത്തായിരുന്നു. ഇരുപതാം വയസ്സിൽ തന്നെ കേരളം ശ്രദ്ധിക്കുന്ന നേതാവായി മാറാൻ കോടിയേരിക്ക് കഴിഞ്ഞത് വിധിയോട് പൊരുതി നേടിയ അനുഭവ സമ്പത്ത് തന്നെയായിരുന്നു.
ഒട്ടും ആയാസരഹിതമായിരുന്നില്ല ആ ബാല്യവും കൗമാരവും. സ്‌കൂൾ അധ്യാപകനായിരുന്ന അച്ഛൻ കുഞ്ഞുണ്ണിക്കൂറുപ്പ് ബാലകൃഷ്ണന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു. പിന്നെ അമ്മ നാരായണി ഒറ്റയ്ക്കാണ് നാല് പെൺകുട്ടികളേയും ബാലകൃഷ്ണനെയും വളർത്തിയത്. പശുവളർത്തിയുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്. സ്‌കൂൾകാലത്ത് പാൽവീടുകളിൽ കൊടുത്ത ശേഷമാണ് ബാലകൃഷ്ണൻ ക്ലാസിലേക്കു പോയിരുന്നത്.
ഒരു സർക്കാർ ഉദ്യോഗസ്ഥനായി വീട്ടിലേക്കു വരുന്ന ബാലകൃഷ്ണനായിരുന്നു അമ്മയുടെ ആഗ്രഹങ്ങളിൽ. പക്ഷേ, കോടിയേരി ബേസിക് ജൂനിയർ സ്‌കൂളിൽ നിന്ന് ഓണിയൻ സ്‌കൂളിൽ എത്തിയപ്പോൾ തന്നെ ബാലകൃഷ്ണൻ രാഷ്ട്രീയ പ്രവർത്തകനായി മാറി കഴിഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ പൂർവരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് തുടങ്ങി ആദ്യ സെക്രട്ടറി. പുതുച്ചേരി സർക്കാർ മയ്യഴിയിൽ പ്രിഡിഗ്രി മാത്രമുള്ള ജൂനിയർ കോളജ് തുടങ്ങിയപ്പോൾ ആദ്യ ബാച്ചിൽ പ്രവേശനം. അവിടെ ആദ്യ കോളജ് യൂണിയൻ ചെയർമാൻ. ആ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം.
പതിനെട്ടാം വയസ്സിൽ സിപിഐഎം ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം വയസ്സിൽ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും കോടിയേരി ലോക്കൽ സെക്രട്ടറി. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ചുമതലയ്‌ക്കൊപ്പം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനം. പിന്നെയുള്ള രാഷ്ട്രീയ ജീവിതത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ആയ ആറുവർഷം ഒഴികെ ഏറെക്കാലവും തിരുവനന്തപുരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവർത്തന മണ്ഡലം.
