ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിനൊരുങ്ങി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും.മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ നേരത്തെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്ബര 2-1ന് സ്വന്തമാക്കിയ ഇന്ത്യ പുതിയ വെല്ലുവിളി മറികടക്കാന്‍ തയ്യാറെടുക്കുകയാണ്. ഇരു ടീമുകളും ഇന്നലെ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തി.
ഉച്ചവരെ ദക്ഷിണാഫ്രിക്കയും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമുമാണ് പരിശീലിച്ചത്. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി, ഇരു ടീമിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന പരമ്ബരയാണിത്. മാത്രമല്ല നാല് മാസത്തിനിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 പരമ്ബരയാണിതെന്നതും ശ്രദ്ധേയമാണ്.
ഈ വര്‍ഷം ജൂണില്‍ അഞ്ച് മത്സരങ്ങള്‍ കളിക്കാന്‍ ആഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തി. തുടര്‍ന്ന് പരമ്ബര 2-2ന് സമനിലയില്‍ അവസാനിച്ചു. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. ഇരുടീമുകളും തമ്മിലുള്ള അവസാന രണ്ട് പരമ്ബരകളും സമനിലയില്‍ അവസാനിച്ചത് യാദൃശ്ചികമാണ്.
ഈ വര്‍ഷം ജൂണിന് മുമ്ബ്, 2019 സെപ്റ്റംബറില്‍, ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്ബര 1-1 ന് സമനിലയിലായി. ഇരു ടീമുകളും തമ്മില്‍ 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 11 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. അതേസമയം ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല.
ഇന്ത്യ : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (WK), ദിനേഷ് കാര്‍ത്തിക് (WK), രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, അര്‍ഷ്ദീപ് സിംഗ്, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.
ദക്ഷിണാഫ്രിക്ക : ടെംബ ബാവുമ (c), ക്വിന്റണ്‍ ഡി കോക്ക് (WK), റീസ ഹെന്‍ഡ്രിക്സ്, ഹെന്‍റിച്ച് ക്ലാസന്‍ (WK), കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്‍റിച്ച് നോര്‍ട്ട്ജെ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റോസ്സോ , തബാരിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്സ് (Wk), ജോര്‍ണ്‍ ഫോര്‍ച്യൂണ്‍, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡില്‍ ഫെഹ്ലുക്വായോ.
ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിന് വിപുലമായ സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍:
മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി ഐ.ജി.പിയും സിറ്റി പൊലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ 1650 ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.
തിരുവനന്തപുരം സിറ്റിയ്ക്ക് പുറമെ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളില്‍ നിന്നും, ആംഡ് പൊലീസ്ബറ്റാലിയനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, സ്റ്റേറ്റ് പൊലീസ് കമാന്‍ഡോ സംഘം, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങളും സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി ഉണ്ടാകും. ഓര്‍ഗനൈസ്ഡ് ക്രൈം ടീമിന്റെ നേതൃത്വത്തില്‍ മി പൊലീസ് സംഘത്തേയും സ്റ്റേഡിയത്തിന് അകത്തും പുറത്തും നിയോഗിച്ചിട്ടുണ്ട്.
അതോടൊപ്പം കണ്‍ട്രോള്‍ റൂം അസ്സിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന കോവളം മുതല്‍ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 15 സ്പെഷ്യല്‍ സ്ട്രൈക്കര്‍ ഫോഴ്സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.വൈകുന്നേരം 4.30 മണി മുതല്‍ മാത്രമേ കാണികള്‍ക്ക് അനുവാദമുള്ളൂ. സ്റ്റേഡിയത്തിനുളളില്‍ പ്രവേശനം കാണാന്‍ വരുന്നവര്‍ പാസ്സിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതേണ്ടതാണ്.
പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കുട, കറുത്ത കൊടി, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങള്‍ സ്റ്റേഡിയത്തിനുളളില്‍ കൊണ്ടു കയറുവാന്‍ അനുവദിക്കുന്നതല്ല. കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ മാത്രമെ അകത്തേയ്ക്ക് കൊണ്ട് പോകാന്‍ അനുവദിക്കുകയുള്ളൂ.
മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവര കാരണവശാലും സ്റ്റേഡിയത്തിനുളളില്‍ പ്രവേശിപ്പിക്കുന്നതല്ല. കൂടാതെ, ഭക്ഷണസാധനങ്ങളും വെള്ളവും പുറത്ത് നിന്നും കൊണ്ടു വരാന്‍ അനുവദിക്കുന്നതല്ല. ഭക്ഷണസാധനങ്ങള്‍കാണികളുടെ ഇരിപ്പിടത്തിന് അടുത്തായി തന്നെ ലഭ്യമാകുന്നതാണ്.
Tags:
SPORTS
