അഡോബി ഉടൻ തന്നെ ഫോട്ടോഷോപ്പിന്റെ സൗജന്യ പതിപ്പ് പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. വെബ് പതിപ്പിനായി കമ്പനി സൗജന്യ ട്രയലുകൾ നടത്തുന്നതായും എല്ലാവർക്കും സൗജന്യമായി സേവനം നൽകാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. അഡോബിയുടെ ഈ സേവനത്തെ ‘ഫ്രീമിയം’ എന്നായിരിക്കും വിളിക്കുക എന്ന് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സൗജന്യ സേവനം നൽകുമെങ്കിലും ഫോട്ടോഷോപ്പിലെ പ്രധാന പ്രീമിയം ഫീച്ചറുകളൊന്നും ലഭിച്ചേക്കില്ല.
ഫോട്ടോഷോപ്പ് എല്ലാവർക്കും സൗജന്യമായി ആക്‌സസ് ചെയ്യാൻ സാധിക്കും. എന്നാൽ കൂടുതൽ സേവനങ്ങളും ഫീച്ചറുകളും ലഭിക്കാൻ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങേണ്ടിവരും. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഫോട്ടോഷോപ്പ് സേവനം കൂടുതൽ പേരിലേക്ക് എത്തിക്കാനുമുള്ള ഒരു മാർഗമായിരിക്കാം ഇതെന്നും കരുതുന്നു.
മികച്ച സേവനങ്ങൾ ലഭ്യമാക്കാനായി, കൂടുതൽ ഫീച്ചറുകൾ ആവശ്യമാണെങ്കിൽ ഉപഭോക്താക്കൾ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങാൻ സാധ്യതയുണ്ട്. ജനങ്ങളെ അഡോബി പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുന്നതിനും വരിക്കാരെ വർധിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ തന്ത്രമാണിത്.
സൗജന്യ പതിപ്പിൽ പരസ്യങ്ങൾ ഉണ്ടാകുമോ ഇല്ലയോ എന്നത് നിലവിൽ അറിവായിട്ടില്ല. നിരവധി വെബ് അധിഷ്‌ഠിത ഫോട്ടോ എഡിറ്റിങ് ആപ്പുകൾ സൗജന്യ പതിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല സൗജന്യ സേവനത്തിന് പകരമായി പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സൗജന്യ പതിപ്പ് എപ്പോൾ ലഭ്യമാകുമെന്നത് സംബന്ധിച്ച് അഡോബി ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്പനി ഇത് കാനഡയിൽ പരീക്ഷിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റ് പ്രദേശങ്ങൾക്കായുള്ള ലോഞ്ച് ടൈംലൈൻ ഇപ്പോഴും അജ്ഞാതമാണ്.
ഫോട്ടോഷോപ്പിന്റെ ‘ഫ്രീമിയം’ പതിപ്പ് ഇന്ത്യയിൽ എത്തുമോ ഇല്ലയോ എന്ന കാര്യത്തിലും വ്യക്തതയില്ല. പക്ഷേ, ഫോട്ടോഷോപ്പ് ഇതിനകം തന്നെ വ്യാപകമായി ഉപയോഗിക്കുന്ന ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനുകളിലൊന്നായതിനാൽ ഇന്ത്യൻ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ സൗജന്യ പതിപ്പ് ഇന്ത്യ പോലുള്ള വിപണികളിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്
Tags:
INTERNATIONAL
