✍️എ ആർ കൊടിയത്തൂർ
ഒരു കൊച്ചു രാജ്യം എത്രത്തോളം ഉന്നതി പ്രാപിക്കാം എന്നന്വേഷിക്കുന്നവർക്ക് ഖത്തർ മാതൃകയാണ്. ലോക കപ്പ് ഫുട്ബാൾ മത്സരം ഖത്തറിൽ നിശ്ചയിച്ചത് മുതൽ ആ രാജ്യം കുതിക്കുകയായിരുന്നു. ഗതാഗത സംവിധാനങ്ങളിലാണ് കാര്യമായ അഴിച്ചു പണികൾ നടത്തപ്പെട്ടത്.
ഞങ്ങൾ 2017ൽ ഖത്തർ സന്ദർശിച്ചപ്പോൾ അവിടെ തകൃതിയായ പണി നടക്കുകയായിരുന്നു.
റോഡും ഡ്രൈനെജും സജ്ജീകരിക്കൽ, മെട്രോ റെയിൽ നിർമ്മാണം - എവിടെ നോക്കിയാലും തൊഴിലാളികളുടെ തിരക്കായിരുന്നു.
ഇന്ന് കോലം മാറി. ഖത്തറിൽ എത്തുന്നവരെയും
ഖത്തരികളെയും ആവോളം തൃപ്തിപ്പെടുത്താൻ ഈ രാജ്യത്തിന്നായിട്ടുണ്ട്. റോഡുകളും പാലങ്ങളും അത്യാവശ്യത്തിന്. വൺവെ സംവിധാനത്തിലുള്ള റോഡുകളിൽ നിറയെ സിഗ്നലുകൾ. അപകട സാധ്യത പൂർണമായും ഒഴിവാക്കാൻ പര്യാപ്തമായ നിർമാണ ചാതുരി. ഗൂഗിൾ മാപ്പ് വെച്ച് യാത്ര ചെയ്യുന്നവർക്ക് വഴി തെറ്റാൻ അവസരമുണ്ടാകില്ല. അഥവാ വഴി മാറിപ്പോയാൽ തന്നെ, ഉദ്ദേശിച്ച സ്ഥലത്തേക്ക് എത്തിപ്പെടാൻ വലിയ പ്രയാസം നേരിടേണ്ടി വരില്ല.
ഖത്തറിൽ താമസിക്കുന്നവർക്ക് ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്യണമെങ്കിൽ സ്വന്തമായി വാഹനമുണ്ടായാൽ നല്ലതാണ്. മെട്രോ റെയിലും കർവ ബസ് സംവിധാനവും ഉണ്ടെങ്കിലും സ്വന്തം വണ്ടിയാണ് അവിടെ കൂടുതൽ അഭികാമ്യം. ചെറിയ ദൂരത്തിലേക്ക് കറങ്ങാനുള്ള ചെറിയ ട്രൈനാണ് TRAM. ഇത് വൈദ്യുതിയിൽ ഓടുന്നു.ഓഫിസിലും മറ്റും പോകുന്നവർക്ക് വാഹനം അനിവാര്യമായി തീരുന്നത്, അവിടത്തെ ചൂട് അസഹനീയമായതിനാലാണ്.
അറബികളുടെ വീടുകളിൽ ഒന്നിലധികം വാഹനങ്ങളുണ്ടാവും. അഞ്ചും ആറും വാഹനങ്ങൾ ഒട്ടുമിക്ക ഖത്തരി വീട്ടിലുമുണ്ട്. ലാൻഡ് ക്രൂയിസർ അവരുടെ ഒരു അവിഭാജ്യ വാഹനമാണെന്ന് തോന്നുന്നു.
ഓരോ വീട്ടിലും ജോലിക്കാരായി ഡ്രൈവർമാരുണ്ട്. ഞങ്ങൾ താമസിച്ചതിന്റെ തൊട്ടടുത്തുള്ള അറബി വീട്ടിൽ രണ്ടു മലയാളി ഡ്രൈവർമാരുണ്ട്. മറ്റൊരു മലയാളി മജ്‌ലിസ് ഒരുക്കുന്ന ആളാണ്. അവിടെ അടുക്കളയിൽ രണ്ട് പാചകക്കാരുമുണ്ട്. അത്ര വലിയ വീടല്ലെങ്കിലും ഇത്രയും പേരെ തീറ്റിപൊറ്റേണ്ടേ എന്ന ചിന്തയാണ് എനിക്കുണ്ടായിരുന്നത്. പത്തു വർഷത്തിലധികമായി അവിടെ സേവനം ചെയ്യുന്നവരുണ്ട്
. ഇവർക്കൊക്കെ അത്യാവശ്യം ശമ്പളവും കൊടുക്കണമല്ലോ.
ഞങ്ങൾ ബോക്സ് പാർക്കിൽ ചെന്നപ്പോൾ, അവിടെ കുറെയേറെ ബോട്ടുകൾ കണ്ടു. കടൽ നിറയെ ബോട്ടുകൾ. ഇവയിൽ അധികവും അറബികളുടെ സ്വന്തം ബോട്ടുകളായിരുന്നു. ലാൻഡ് ക്രൂയിസർ ഈ ബോട്ടുകളെ കെട്ടിവലിച്ച് കടലിലെത്തിക്കും എന്നാണ് മനസ്സിലാക്കിയത്. ഞങ്ങൾ സൗദി അതിർത്തിയായ സീലൈൻ ബീച്ചിലേക്ക് പോയപ്പോൾ കുറേ കണ്ടയിനറുകൾ കണ്ടു. അവ വെറും ഒരു ബോക്സായിരുന്നില്ല. എയർ കണ്ടിഷൻ ചെയ്ത ബാത്ത് അറ്റാച്ഡ് റൂമുകളായിരുന്നു. അറബികൾക്ക് വീട്ടിൽ നിന്നും ഒഴിഞ്ഞു നിന്ന് താമസിക്കുവാനുള്ള ഇടങ്ങൾ. ഇതിനെയും വലിച്ചു കൊണ്ട് വരുന്നത് ലാൻഡ് ക്രൂയിസറാണ്. മരുഭൂമിയിൽ സഞ്ചരിക്കാനുള്ള പ്രത്യേകം വാഹനങ്ങളുണ്ട്. അറബികൾക്കും വിദേശികൾക്കും മരുഭൂ യാത്രയും നടത്താം.
പെട്രോളിന്റെ നാട്ടിൽ പെട്രോളിയം ഉല്പന്നങ്ങൾക്ക് വില കുറവായിരിക്കുമല്ലോ. അതിനാൽ തന്നെ നാട്ടിൽ വാഹനമോടിക്കുന്നവർക്ക് ഉണ്ടാകുന്ന പ്രയാസം അവിടെയില്ല. നാട്ടിൽ പെട്രോൾ വില കുത്തനെ കൂടുമ്പോൾ അറേബ്യൻ നാടുകളിൽ അൽപ്പം ആശ്വസിച്ചു വണ്ടികളോടിക്കാം. ഉക്കൂദ് എന്ന സർക്കാരിന്റെ ഏജൻസിയാണ് ഖത്തറിൽ ഉടനീളം പെട്രോൾ പമ്പുകൾ നടത്തുന്നത്.
വാഹനത്തിന്റെ മുമ്പിൽ കുട്ടികളെ ഇരുത്താൻ പാടില്ല. മുമ്പിലിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. ട്രാഫിക് നിയമങ്ങൾ കർശനമാണ്. റോഡിൽ പോലീസുകാർ റോന്ത് ചുറ്റുന്നുണ്ടാവും. ട്രാഫിക് ക്യാമറകൾ മിക്ക സ്ഥലത്തും സ്ഥാപ്പിച്ചിട്ടുണ്ട്.
എവിടെയും പോലീസുകാരുടെ സഹായ ഹസ്തമുണ്ടാകും.ഞങ്ങൾ മരുഭൂമിയിൽ പോയപ്പോൾ ഒരു കാർ മണലിൽ താഴ്ന്നു പോയി. വണ്ടിയിലുള്ളവർ എത്ര ശ്രമിച്ചിട്ടും കാറിന്റെ ചക്രങ്ങൾ മണലിൽ നിന്നും പുറത്തിറക്കാൻ കഴിഞ്ഞില്ല. അത് വഴി വന്ന ഒരു പോലീസ് വാഹനത്തിൽ നിന്നും ഒരു പോലീസുകാരൻ ഇറങ്ങി വന്നു വണ്ടി കയറ്റിക്കൊടുത്തു. പോലീസ് ഉദ്യോഗസ്ഥന്മാരെ എവിടെയും സഹായികളായിട്ടാണ് കണ്ടിട്ടുള്ളത്.
റോഡിന്ന് ചുറ്റും പല സ്ഥലത്തും മരങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. മിക്ക സ്ഥലത്തും ഈത്ത പ്പനയായിരിക്കും. പൂന്തോട്ടങ്ങൾ സംവിധാനിച്ച സ്ഥലങ്ങളുമുണ്ട്. അറബികളുടെ വീടുകളിൽ മിക്കയിടത്തും കാർ പോർച്ചുകൾ കണ്ടിട്ടില്ല. ഒന്ന് രണ്ടു വണ്ടി മുറ്റത്തു കയറ്റിയിടും. റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലാണ് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുക.
മിക്ക കുട്ടികളുടെയും അടുത്ത് കാൽ കൊണ്ട് ചവിട്ടി പോകുന്ന സ്കൂട്ടർ ഉണ്ടാവും. വലിയവർ കാറിൽ സഞ്ചരിക്കുന്നത് പോലെ കുട്ടികൾ ഈ സ്കൂട്ടറിലാണ് സഞ്ചരിക്കുക. ചില മുതിർന്നവരും ഈ സ്കൂട്ടറിൽ ചുറ്റുന്നത് കണ്ടിട്ടുണ്ട്. നിരപ്പുള്ള റോഡായതിനാൽ സ്കൂട്ടറിൽ ഒരു കാൽ വെച്ച്, ഒരു കാൽ നിലത്ത് ചവിട്ടി ബാലൻസ് തെറ്റാതെ ഓടിക്കുന്നു. പാർക്കിലും മറ്റും അവർ വരുന്നത് ഈ സ്കൂട്ടറിലാണ്. ഒരാൾക്ക് യാത്ര ചെയ്യാനും കായിക വിനോദത്തിന്നും നല്ലൊരു ഉപധിയായിട്ടാണ് എനിക്കിതിനെ തോന്നിയത്.
ഖത്തറിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുവാൻ കർശനമായ പരീക്ഷകൾ പാസ്സാകണം. നിയമ ലംഘനങ്ങൾക്ക് ഏറ്റവും കൂടുതൽ തുക പിഴ ശിക്ഷ ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. ഇവിടെ ചരക്കുകൾ എത്തിക്കുന്നത് ട്രക്കുകളിലും കപ്പലുകളിലും വിമാനങ്ങളിലുമാണ്. ഒരു വിമാനത്താവളവും അഞ്ചു തുറമുഖങ്ങളുമുണ്ട്. ഇതിൽ ദോഹ ഒഴികെയുള്ള തുറമുഖങ്ങൾ എണ്ണ കയറ്റുമതിക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ് ലോകത്തിലെ മുൻ നിര കമ്പനിയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും പ്രതിദിനം ധാരാളം വിമാനങ്ങൾ വിവിധ എയർലൈൻസിന്റേത് ദോഹയിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഖത്തറിൽ ഇപ്പോഴും റോഡ്, ഡ്രൈനെജ് പണികൾ നടന്നു കൊണ്ടിരിക്കുകയാണ്. എവിടെയൊക്കെ എന്തൊക്ക ആവശ്യമുണ്ടോ അതൊക്കെ പൂർത്തീകരിക്കുന്ന തിരക്കിലാണ് ഖത്തർ സർക്കാർ. ജനപ്രിയനായ അമീറിന്റെ ജന ക്ഷേമത്തിന്നായുള്ള നിതാന്ത ജാഗ്രത എല്ലായിടത്തും ദർശിക്കാം. ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ ഖത്തറിനെ ലോക രാജ്യങ്ങളിൽ മുൻപന്തിയിൽ എത്തിക്കുന്നു.
