എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് തിരിച്ചടി. സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ ഇടതു നേതാക്കളെ അറിയിച്ചു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമാണ് പവാറിന്റെ മനസ്സറിയാൻ കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ‍്ച നീണ്ടുനിന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന് ശരദ് പവാർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ ഇടതുനേതാക്കളെ അറിയിച്ചു.
പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിൻറെ പേര് മുന്നോട്ടുവച്ചത് . പവാറാണ് സ്ഥാനാർത്ഥിയെങ്കിൽ അംഗീകരിക്കാം എന്ന സൂചന കോൺഗ്രസും ഇടതുപക്ഷവും നൽകിയിരുന്നു. പവാറിനെ അംഗീകരിക്കാം എന്ന് ആം ആദ്‍മി പാർട്ടിയും വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാട് പവാർ വ്യക്തമാക്കിയത്.
Tags:
INDIA
