വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചു മത്സര ട്വന്റി-20 പരമ്പരയില്‍ ഇന്ത്യ ഇന്നു നിര്‍ണായക പോരാട്ടത്തിന്. ആദ്യ രണ്ടു മത്സരങ്ങളും എതിരാളികള്‍ക്ക് അടിയറവച്ചതോടെ പരമ്പര കൈവിടാതിരിക്കണമെങ്കില്‍ ഋഷഭ് പന്തിനും സംഘത്തിനും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യം. വിശാഖപട്ടണത്ത് വൈകിട്ട് ഏഴിനാണു മത്സരം സ്‌റ്റാര്‍ ചാനലുകളില്‍ തല്‍സമയം കാണാം.
ഏതാനും സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ച് ഐ.പി.എല്ലില്‍ കഴിവു തെളിയിച്ച താരങ്ങളുമായാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ രണ്ടു കളിയിലും അടിതെറ്റിയതോടെ താല്‍ക്കാലിക ക്യാപ്‌റ്റന്‍ പന്തും സംഘവും അതിസമ്മര്‍ദത്തിലാണ്. ഇനിയൊരു തോല്‍വിയില്‍ പരമ്പരതന്നെ കൈവിടേണ്ടിവരുമെന്ന തിരിച്ചറിവില്‍ ഏതുവിധേനെയും ജയിക്കാനുറച്ചാകും ഇന്ത്യ ഇന്നിറങ്ങുക. ആദ്യ മത്സരത്തില്‍ ഏഴുവിക്കറ്റിനും രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ പരാജയം. രണ്ടു മത്സരത്തിലും പിന്തുടര്‍ന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജയം. ഐ.പി.എല്ലില്‍ മിന്നും പ്രകടനം കാഴ്‌ചവച്ച സ്‌പിന്നര്‍മാര്‍ വിക്കറ്റ് ദാരിദ്ര്യത്തിനൊപ്പം അടിയേറെ വാങ്ങുന്നതുമാണ് പന്തിനു തലവേദന സൃഷ്‌ടിക്കുന്നത്. സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും അക്ഷര്‍ പട്ടേലുമാണു പ്രതിക്കൂട്ടില്‍. ഇരുവര്‍ക്കും പുറമേ പേസര്‍മാരായ ആവേശ് ഖാനും ഹര്‍ഷല്‍ പട്ടേലും വിമര്‍ശനമുനയിലാണ്. ആദ്യകളിയില്‍ തിളങ്ങാതിരുന്ന സീനിയര്‍ താരം ഭുവനേശ്വര്‍ കുമാര്‍ രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റ് നേടി ഫോം വീണ്ടെടുത്തിട്ടുണ്ട്. പേസ് വിഭാഗത്തില്‍ ജമ്മു-കശ്‌മീരില്‍നിന്നുള്ള അതിവേഗക്കാരന്‍ പേസര്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇന്ന് അരങ്ങേറ്റത്തിനു കളമൊരുങ്ങുമെന്നാണു റിപ്പോര്‍ട്ട്
Tags:
SPORTS
