Trending

ഉത്തര കടലാസ് പുനർമൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ


എസ് എസ് എൽ.സി. ഉത്തര കടലാസ് പുനർമൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സേ പരീക്ഷ ജൂലൈയില്‍ നടത്തും. ഇതിന്റെ വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്നും എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

എസ്എസ്എല്‍സിക്ക് ഇത്തവണ 99.26 ശതമാനമാണ്‌ വിജയം. കഴിഞ്ഞതവണ 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 99.76 ശതമാനം കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 92.07 ശതമാനമാണ് വിജയമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. നാലുമണിയോടെ വിവിധ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാന്‍ കഴിയും.

4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.

മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ്.

കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.



ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി (ഹിയറിങ് ഇംപേർഡ്), എസ് എസ് എൽ സി (ഹിയറിങ് ഇംപേർഡ്), എ എച്ച് എസ് എൽ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു
Previous Post Next Post
Italian Trulli
Italian Trulli