ജനുവരി പത്താം തിയതി ലോക ഹിന്ദി ദിനം ആഘോഷിക്കുന്നു. ഹിന്ദി ഭാഷയുടെ മഹത്വം പ്രചരിപ്പിക്കുക എന്നതാണ് ലോക ഹിന്ദി ദിനത്തിന്റെ ആത്യന്തിക ലക്ഷ്യം. ആദ്യ ഹിന്ദി സമ്മേളനം 1975 ജനുവരി 10 നാണ് നടന്നത്. ഈ പ്രത്യേക ദിനത്തിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 10 ന് ലോക ഹിന്ദി ദിനം ആഘോഷിക്കപ്പെടുന്നത്.
മലയാളികളിൽ ഭൂരിഭാഗത്തിനും ഹിന്ദി ഇന്നും ഒരു കടമ്പയാണ്. ചില സിനിമാ ഡയലോഗുകൾപോലെ, മേം വെച്ചാൽ ഹും വെക്കണമെന്ന് അറിയാമെന്നതിൽക്കൂടുതൽ ഈ ഭാഷയെ അടുത്തറിയാൻ പലരും ശ്രമിക്കാറില്ല. ഇന്ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഹിന്ദി ഭാഷ വിനിമയം ചെയ്യപ്പെടുന്നു.
ഹിന്ദിഭാഷയുടെ ഉദ്ഭവം
നൂറ്റാണ്ടുകൾക്കുമുമ്പ് നമ്മുടെ രാജ്യത്തെ പ്രധാനനദികളിലൊന്നായ സിന്ധുനദിയുടെ തീരത്ത് ജനവാസമുണ്ടായിരുന്നു. സിന്ധുനദിയുടെ തീരത്ത് സംസാരിച്ചിരുന്ന ഭാഷയെ ഹിന്ദി എന്ന് വിളിച്ചിരുന്നു. ഹിന്ദ് എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ഹിന്ദി എന്ന പേര് ഉണ്ടായത്. സിന്ധുനദിയുടെ പ്രദേശം എന്നാണ് ഈ വാക്കിനർഥം
ദേവനാഗരി ലിപി
ഹിന്ദിഭാഷ ദേവനാഗരി ലിപിയിലാണ് എഴുതപ്പെടുന്നത്. ഹിന്ദിഭാഷ കൂടാതെ മറാഠി, നേപ്പാളി, സംസ്കൃതം, സിന്ധി, ബിഹാറി, കൊങ്കിണി, കശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു. ദേവനാഗരി ലിപി ഇന്ത്യയിലെ ഏറ്റവും പ്രാചീനലിപിയായ ബ്രാഹ്മിയിൽനിന്ന് വികസിച്ചതാണ്. ദേവഭാഷയായ സംസ്കൃതം എഴുതാൻ ഉപയോഗിച്ചതിനാൽ ഇതിനെ ദേവനാഗരി എന്ന് വിളിച്ചതായും പറയപ്പെടുന്നു. മന്ത്രപ്രയോഗത്തോട് ബന്ധപ്പെട്ട ചില യന്ത്രങ്ങൾക്ക് 'ദേവനഗർ'എന്ന പേരുണ്ട്. അവയിൽ അടയാളപ്പെടുത്തിയ ചിഹ്നങ്ങൾക്ക് ദേവനാഗരി ലിപി എന്ന പേര് നൽകിയിരുന്നുവെന്നും പറയപ്പെടുന്നു.
Tags:
KNOWLEDGE
