പുതുച്ചേരി: മത്സരിക്കുക, കീഴടക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കൾ ഇന്ന് ഏത് രീതിയിലെത്താനും പ്രാപ്തരായിക്കഴിഞ്ഞു. ഇത് വരും തലമുറകൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യരായാണ് കണക്കാക്കുന്നത്. അത് കൊണ്ടുതന്നെയാണ് പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താൻ തീരുമാനിച്ചതും. ഇത് അവർക്ക് പഠിക്കാനും സ്വയം പര്യാപ്തരാകാനും സ്വതന്ത്രമായി ജീവിക്കാനും അവസരം നൽകുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
രാജ്യത്തെ വാർത്തെടുക്കുന്നത് യുവ തലമുറയാണ്. ഇന്നത്തെ യുവാക്കളിൽ എല്ലാ തലമുറകൾക്കും ആവേശം നൽകുന്ന ഒരു സ്പിരിറ്റുണ്ട്. ഡിജിറ്റൽ പേയ്‌മെന്റിൽ ഉൾപ്പെടെ രാജ്യം മുന്നിലെത്താൻ കാരണവും യുവാക്കൾ തന്നെയാണ്. അവർ അവരുടെ സ്വപ്‌നങ്ങൾ പിന്തുടരണമെന്നും അതിന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ സർക്കാർ പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
