ബ്രൂണെയിലെ സുൽത്താൻ "ഹാജി ഹസനൽ ബോൽകിയ മു-ഇസ്സദ്ദിൻ വദ്ദാഉല" എന്ന ഭരണാധികാരി ലോകത്തിലെ വലിയ സമ്പന്നരിൽ ഒരാളാണ്. കാറുകളോട് ഭ്രാന്തമായ ഒരു പ്രണയമാണ് സുൽത്താന്. കാറുകൾ വാങ്ങി കൂട്ടുകയാണ് അദ്ദേഹത്തിന്റെ പ്രധാന ഹോബി. ഇതുവരെ 7,000-ൽ അധികം കാറുകൾ വാങ്ങിയ സുൽത്താൻ ഇപ്പോഴും എല്ലാ മാസവും പുതിയ കാറുകൾ വാങ്ങിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ കൃത്യമായ കണക്ക് സുൽത്താന്റെ പക്കൽ പോലുമില്ല എന്നതാണ് സത്യം.!!
അദ്ദേഹത്തിന്റെ കാർ കളക്ഷനിൽ ഉൾപ്പെടാത്ത കാറുകൾ ചുരുക്കമാണ്. ആഡംബര കാറുകൾ, വിന്റേജ് കാറുകൾ. മോഡിഫൈഡ് കാറുകൾ, സ്പെഷ്യൽ എഡിഷൻ കാറുകൾ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ കാർ ഗാരേജിലുണ്ട്. കൂടാതെ 24-ക്യാരറ്റ് സ്വർണം പൂശിയ കാറുകൾ, സുൽത്താന് വേണ്ടി മാത്രം നിർമിച്ച കാറുകൾ തുടങ്ങിയവയും അദ്ദേഹത്തിന്റെ കാർ ശേഖരത്തെ വ്യത്യസ്തമാക്കുന്നു.
ഫെരാരികൾ, ലാമ്പോർഗിനികൾ, റോൾസ് റോയ്‌സുകൾ, മെഴ്സിഡിസുകൾ തുടങ്ങി അത്യാഢംബര ബ്രാൻഡുകൾ എല്ലാം തന്നെ വാങ്ങി സൂക്ഷിക്കാൻ സുൽത്താൻ പ്രത്യേകം താല്പര്യം കാണിക്കാറുണ്ട്.
604-റോൾസ് റോയ്‌സ് കാറുകളും 574- മെഴ്സിഡിസ് കാറുകളും 452- ഫെരാരികളും 382-ബെൻലികളും 209- ബിഎംഡബ്ല്യുകളും 179-ജാഗ്വറുകളും 21- ലംബോർഗിനികളും 11-ആസ്റ്റൺ മാർട്ടിൻ കാറുകളും ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പക്കലുള്ള 24-ക്യാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്‌സ് കാർ ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളിൽ ഒന്നാണ്.
ഇന്ന് ലോകത്തുള്ള കാറുകളില്‍ അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഇല്ലാത്ത കാറുകള്‍ ഏതാകും എന്ന് നോക്കുന്നതാകും എളുപ്പം. ഈ കാറുകളെ പരിചരിക്കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളറാണ് എല്ലാ മാസവും സുൽത്താൻ ചിലവാക്കുന്നത്. വിദഗ്ധരായ നിരവധി കാർ മെക്കാനിക്കുകളെയാണ് അദ്ദേഹം ഇതിനായി നിയമിച്ചിരിക്കുന്നത്. സുൽത്താനു വേണ്ടി മാത്രം നിർമിക്കപ്പെട്ട ഫെരാരികളും ലാമ്പോർഗിനികളും റോൾസ് റോയ്‌സുകളുമെല്ലാമുണ്ട്. ഇവയെക്കുറിച്ച് യാതൊന്നും പുറത്തുവിടരുതെന്ന് കാർ കമ്പനികൾക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
1929-ൽ എണ്ണ ഖനനം തുടങ്ങിയതോടെയാണ് ബ്രൂണെ ലോകത്തെ വൻ സാമ്പത്തിക ശക്തിയായി മാറുന്നത്. 1984-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതോടെ ബ്രൂണെ ലോകത്തെ ഏറ്റവും നല്ല ജീവിത നിലവാരമുള്ള രാജ്യങ്ങളിൽ ഒന്നായി മാറി. 4.5-ലക്ഷം ജനങ്ങൾ വസിക്കുന്ന ഈ രാജ്യത്ത് പൗരന്മാർ നികുതി ഒന്നും നൽകേണ്ടതില്ല. സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീടും സ്ഥലം ഇല്ലാത്തവർക്ക് സ്ഥലവും സർക്കാർ നൽകുന്നു. പെൻഷൻ പദ്ധതികളുമുണ്ട്.
നിലവിലെ സുൽത്താൻ ഹസനുൽ ബോൽകിയ ആണ്. 21-വയസ്സിൽ ഭരണം തുടങ്ങിയ സുൽത്താൻ ഇന്ന് 75-ൽ എത്തി നിൽക്കുന്നു. 1980-കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആയിരുന്നു. സ്വന്തമായി വിമാനം പറപ്പിച്ച് ലോകം ചുറ്റുന്ന സുൽത്താനാണ് ഇദ്ദേഹം.
സുൽത്താന്റെ കൊട്ടാരവും ഞെട്ടിക്കുന്നതാണ്. 1788-റൂമുകളുള്ള കൊട്ടാരത്തിന്റെ മൊത്തം വിസ്തീർണം 2,152,782-സ്‌ക്വയര്‍ ഫീറ്റ് ആണ്. കട്ടിലും കസേരയും മുതൽ കക്കൂസിന്റെ ക്ലോസറ്റ് വരെ സ്വർണ്ണം കൊണ്ട് പണിതത് ഈ അത്യാഢംബര കൊട്ടാരത്തിലുണ്ട്. ഒരു കുടുംബത്തിനായി താമസിക്കാന്‍ വേണ്ടി നിര്‍മിച്ച വീടുകളില്‍ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 48-ഏക്കറില്‍ ആണ് വീട് സ്ഥിതി ചെയ്യുന്നത്. സുൽത്താൻ ഉപയോഗിക്കുന്നത് സ്വർണ്ണ മൊബൈൽ ഫോൺ ആണ്.
തന്റെ ഇളയ മകനായ അബ്ദുൽ മാലിക്കിന്റെ വിവാഹം അത്യാഡംബരത്തിൽ മുക്കി സുൽത്താൻ 2015-ൽ വീണ്ടും ലോകത്തെ ഞെട്ടിച്ചിരുന്നു. വിവാഹ വേളയിൽ വധൂ വരന്മാർ ധരിച്ചിരുന്നത് വജ്രക്കല്ലുകൾ പതിപ്പിച്ച സ്വർണ്ണത്തിൽ തുന്നിയ പരമ്പരാഗത വസ്ത്രങ്ങൾ ആയിരുന്നു. കിരീടത്തിൽ 6-വലിയ മരതക കല്ലുകൾ പതിച്ചിരുന്നു. വിവാഹ വേളയിൽ കയ്യിലുണ്ടായിരുന്നത് പൂക്കൾ കൊണ്ടുള്ള പൂച്ചെണ്ട് ആയിരുന്നില്ല. രത്നങ്ങൾ കൊണ്ടായിരുന്നു പൂച്ചെണ്ട് നിർമിച്ചത്. 3-ഭാര്യമാരിലായി 12- മക്കളാണ് സുൽത്താന് ഉള്ളത്.
220-മില്യന്‍ ഡോളര്‍ വിലയുള്ള സ്വകാര്യ ജെംബോ ജെറ്റ് വിമാനവും ഈ സുൽത്താനുണ്ട്. സ്വര്‍ണത്തില്‍ ഇന്റീരിയര്‍ തീര്‍ത്ത ഈ സ്വകാര്യ ജെറ്റ് വിമാനത്തില്‍ ലിവിങ്ങ് റൂമും കോണ്‍ഫറന്‍സ് റൂമും ബെഡ് റൂമും ബാത്ത്റൂമുമുണ്ട്.
മാസം തോറും മുടി മുറിക്കുന്നതിലും സുൽത്താൻ ആഡംബരം കുറയ്ക്കുന്നില്ല. 21,000-ഡോളറാണ് മുടിവെട്ടാനായി ചെലവഴിക്കുന്നത്. അമ്പതാം പിറന്നാളാഘോഷത്തിന് മൈക്കിള്‍ ജാക്സനെ ബ്രൂണയിലെത്തിച്ച സുൽത്താൻ സമ്മാനമായി നല്‍കിയത് 109-കോടി ഇന്ത്യന്‍ രൂപയാണ്. സെക്കന്‍ഡ് തോറും 100-ഡോളര്‍ ആണ് സുൽത്താൻ സമ്പാദിക്കുന്നത്. സുൽത്താൻ ഒരു ദിവസം ചിലവാക്കുന്ന തുക പുറത്ത് വിട്ടിട്ടില്ല. എങ്കിലും സുൽത്താന്റെ സഹോദരൻ പ്രതിദിനം 47,000-ഡോളർ ചിലവഴിക്കുന്നതായി വാർത്തകളുണ്ട്.
നമ്മുടെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടിച്ചേര്‍ന്നാല്‍ ബ്രൂണെയേക്കാള്‍ വലുതാണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും രാജ്യം ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രൂണെ മുന്നിലാണ്.
Tags:
KNOWLEDGE
