Trending

സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ; 'ക്യാമ്പസ് ടു ബൂത്ത്' പോസ്റ്റർ പ്രകാശനവും പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.

സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ (സ്പെഷ്യൽ സമ്മറി റിവിഷൻ) യജ്ഞം 2027-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവിൽ പങ്കാളികളാകുന്ന ഇ.എൽ.സി/ എൻ.എസ്.എസ് അധ്യാപക കോർഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനവും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.കെ. പ്രതീഷ് അധ്യക്ഷത വഹിച്ചു.

രണ്ട് സെഷനുകളിലായി സംഘടിപ്പിച്ച പരിശീലനത്തിൽ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ വിവിധ ഹയർ സെക്കൻഡറികളിലെയും കോളേജുകളിലെയും കോർഡിനേറ്റർമാർ പങ്കെടുത്തു.

2027 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കും നിലവിൽ 17 വയസ്സ് പൂർത്തിയായവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി നവംബർ രണ്ട് മുതൽ ഏഴ് വരെ ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, എൻ.എസ്.എസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ കോളേജിന് അടുത്തുള്ള വില്ലേജ് ഓഫീസുകളിലെ ഫെസിലിറ്റേഷൻ സെന്ററുകളിൽ രണ്ട് എൻ.എസ്.എസ് വോളന്റിയർമാർ വീതം അർഹരായ വ്യക്തികളെ ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സഹായിക്കുന്നുണ്ട്. കൂടാതെ നേരിട്ട് ലഭിക്കുന്ന അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് ഡിജിറ്റലൈസ് ചെയ്യാനും സഹായം നൽകുന്നുണ്ട്. ഇതിനു പുറമെയാണ് 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവ് സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് വിഭാഗം സീനിയർ ക്ലർക്ക് സി. രാജേഷ്, ടെക്നിക്കൽ അസിസ്റ്റന്റ് എം. പ്രയാഗ്, ഇ.എൽ.സി. ജില്ലാ കോളേജ് കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, ജൂനിയർ സൂപ്രണ്ടും ഇ.എൽ.സി ജില്ലാ സ്കൂൾ കോർഡിനേറ്ററുമായ എസ്. കമലേഷ്, ജില്ലാ എൻ.എസ്.എസ്. കോർഡിനേറ്റർ ഫസീൽ അഹമ്മദ്, എം.എം. വിഷ്ണു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli