Trending

നോമ്പോർമ്മകളിലെ കാരക്കച്ചീളുകൾ.


✒️നിയാസ് ചെറുവാടി.

ഓർമ്മയുടെ ആഴങ്ങളിൽ പൂത്തുലഞ്ഞ് നിൽപ്പുണ്ട് ബാല്യകാലത്തെ നോമ്പോർമ്മകൾ. ജനലഴികളിലൂടെ വന്ന് തഴുകിപ്പോകുന്ന ഇളം തെന്നൽ പോലെ ഓർമ്മകളും ഇടക്കിടെ വന്ന് കുളിരണിയിച്ചു കൊണ്ടിരിക്കും. ഓരോ നോമ്പു കാലങ്ങൾക്കും കൂട്ടിരിപ്പു കൂടിയാണാ ഓർമ്മകൾ.

റമദാൻ പിറ മാനത്ത് ദൃശ്യമാവുന്നതിന് ദിവസങ്ങൾക്ക് മുമ്പേ തുടങ്ങും ഒരുക്കങ്ങൾ. വീടും വീട്ടുപകരണങ്ങളും തൊടിയും വെടിപ്പാക്കി റമദാനിനെ ഇരു കയ്യും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തും. മേശയും മരക്കസേരയും ഇരിക്കാനുള്ള പലകയും ചിരവയും എല്ലാം പുറത്തിട്ട് കഴുകും. 'പാറ' ഇലയാണ് അന്നത്തെ സോപ്പും സാൻഡ് പേപ്പറുമെല്ലാം. സകലതും തേച്ച് വെളുപ്പിച്ച് നിറം പിടിപ്പിക്കും. മനസ്സും ശരീരവും അലക്കിത്തേച്ച് വെടിപ്പാക്കി റമദാനിനെ വരവേൽക്കാൻ മനസ്സിൽ പച്ചപ്പരവതാനി വിരിച്ച് കാത്തിരിക്കും.

കുഞ്ഞുനാളിൽ നോമ്പിന് നിയ്യത്ത് വെക്കൽ ഒരു ആനക്കാര്യമാണ്. വീട്ടിൽ അച്ചടക്കത്തോടെ അടങ്ങിയൊതുങ്ങി നിന്നാൽ മാത്രമേ ഉമ്മ നിയ്യത്ത് വെച്ച് തരുള്ളൂ. 'നവയ്തു സൗമ ഗദിൻ' തുടങ്ങി മലയാളത്തിലവസാനിക്കുന്ന നിയ്യത്ത്‌. ഏറെ ഭക്തിയാദരത്തോടെയാണ് ചൊല്ലിത്തന്നിരുന്നത്. കണ്ണുകളടച്ച് ധ്യാനനിമഗ്നനായി അവ ഏറ്റു ചെല്ലും.

തലേ നോമ്പ് റമദാനിനെ സ്വാഗതം ചെയ്യുന്നതിനും, അവസാന നോമ്പ് റമളാനിനോട് സലാം പറയുന്നതിനുമുള്ളതാണെന്ന് ഉമ്മ പറയും. കഷ്ടപ്പെട്ടാണെങ്കിലും തലേ നോമ്പ് പിടിക്കും. ഇമ്മിണിവലിയ നോമ്പുകാരനായി ഒത്തിരി ഗർവ്വോടെ അയൽ വീടുകളിൽ കറങ്ങി വരും. എല്ലാരും നോമ്പുണ്ടോ എന്ന് ചോദിക്കുമ്പോൾ ഉണ്ട് എന്ന് പറഞ്ഞ് നോമ്പില്ലാത്ത കളിക്കൂട്ടുകാരിലെ വമ്പനാകും. അയൽപക്കകാരൊക്കെ നോമ്പുകാരനാണെന്ന് പറഞ്ഞ് ബഹുമാനിക്കും. നോമ്പ് നോറ്റത് എല്ലാരോടും എണ്ണം പറഞ്ഞ് വീമ്പളക്കാനും മേനി നടിക്കാനും കൂടിയായിരുന്നു.

ഉച്ച കഴിഞ്ഞാൽ കിളി പാറും. വയറിൽ നിന്ന് ഒരാളൽ കേട്ട് തുടങ്ങും, വിശപ്പ് സംഹാര താണ്ഡവമാടും. കുറെ സമയം മല്ലിട്ടു നിൽക്കുമെങ്കിലും അവസാനം ഗത്യന്തരമില്ലാതെ ആറ്റുനോറ്റ നോമ്പ് മുറിക്കാനോടും. 'കുറച്ചും കൂടി കാത്തിരിക്കൂ, തുറക്കാൻ സമയമാകാറായി' എന്ന ഉമ്മയുടെ സ്നേഹശാസന നിരസിച്ച് കൊണ്ട് അര നോമ്പെങ്കിലും ആയല്ലോ എന്ന് പറഞ്ഞ് സ്വയം ആശ്വസിക്കും. കാൽ നോമ്പിന്റെയും അരനോമ്പിന്റെയും മുക്കാൽ നോമ്പിന്റെയും കാലമായിരുന്നത്. കാലും മുക്കാലും കൂട്ടിക്കിഴിച്ച് എണ്ണം പറഞ്ഞ് തർക്കിച്ചിരുന്ന കുഞ്ഞു ലോകം.

നോമ്പ് എടുത്താൽ ഉമ്മയുടെയും മുതിർന്നവരുടേയും സ്നേഹം വഴിഞ്ഞൊഴുകുന്നത് നേരിട്ടനുഭവിക്കാം. കുഞ്ഞു വയറിൽ കൈവെച്ച് അനുകമ്പ നിറഞ്ഞ കണ്ണുകളുമായി ഉമ്മ കഥകൾ പറഞ്ഞുതരും. ഉമ്മയുടെ കുട്ടിക്കാല അനുഭവങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച കഥകളായി പെയ്തു കൊണ്ടിരിക്കും. വിശപ്പിനെ നിഷ്കളങ്കമായി പിടിച്ചുനിർത്തിയ ആ സ്നേഹവും കരുതലും എങ്ങനെ മറക്കാനാവും.

നോമ്പു നോറ്റാൽ ഇടക്കിടെ വുളൂഅ് ചെയ്യലും വായിൽ വെള്ളം കേറ്റി തുപ്പുന്നതും പതിവായിരുന്നു. വെള്ളം അകത്ത് കടന്ന് കിട്ടുന്ന ആശ്വാസമാണതെന്ന് അന്നറിഞ്ഞില്ല. പറഞ്ഞപ്പോൾ വിശ്വസിച്ചുമില്ല. ഒരിറ്റ് ജല കണികയിൽ അകത്ത് എരിയുന്ന വിശപ്പിൻ നെരിപ്പോട് തണുപ്പിക്കാനുള്ള വ്യാമോഹം.

ആരോ പറഞ്ഞു. ഉമിനീര് വീഴുങ്ങിയാൽ നോമ്പ് മുറിയുമെന്ന്. ഇത് കേട്ട എനിക്ക് ഉമിനീർ ശങ്ക പിടിപ്പെട്ടു. ഇല്ലാത്ത ഉമിനീർ ഉണ്ടാക്കി തുപ്പി ക്ഷീണിച്ചത് മിച്ചം. മൂത്രമൊഴിച്ചാലും നോമ്പ് പോവുമെന്ന് പറഞ്ഞ് പേടിപ്പിച്ച കുറെ വിദ്വാന്മാരും അന്നുണ്ടായിരുന്നു.

വൈകുന്നേരമായാൽ സമയം പോക്കാൻ ഉമ്മ കുഞ്ഞു ജോലികൾ ഞങ്ങൾ കുട്ടികളെ ഏൽപിക്കും. നാരങ്ങാ വെള്ളം കലക്കാനും ഫ്രൂട്ട്സ് മുറിക്കാനുമൊക്കെ, മുറിക്കുമ്പോഴേക്ക് വായിൽ കപ്പലോടിക്കാൻ മാത്രം വെള്ളം നിറയും. രുചി കുമുളുങ്ങൾ നാവിൽ സംഘനൃത്തം ചവിട്ടും. കലക്കുന്നതും മുറിക്കുന്നതും രുചിച്ചു നോക്കാനുള്ള വ്യഗ്രത പിടിച്ചു കെട്ടുക ഏറെ ദുഷ്കരമായിരുന്നു. ക്ഷമയുടെ നെല്ലിപ്പടി കടന്നാലും രുചിക്കില്ല.

തിന്നാൻ പറ്റുന്നതെന്തും നോമ്പ് തുറന്ന് കഴിക്കാൻ വേണ്ടി കരുതി വെക്കും. നോമ്പ് തുറന്നാൽ ഒന്നും വേണ്ടാതാവും. നിഷ്കളങ്ക ബാല്യത്തിൽ വിശപ്പ് ചെയ്യിപ്പിക്കുന്ന ക്രയവിക്രയങ്ങളാവാം അത്.

നോമ്പ് തുറക്കാൻ അയൽപക്കത്തോ കുടുംബത്തിലോ ആരെങ്കിലും വിളിച്ചാൽ അന്ന് പതിവില്ലാത്ത സന്തോഷമായിരുന്നു.ബാങ്ക് കൊടുക്കാൻ നേരമായാൽ നോമ്പ് തുറക്കാൻ ചെന്നാൽ ഞമ്മക്കും ബല്യ സ്വീകരണം കിട്ടും, എനിക്ക് നോമ്പുണ്ട് എന്ന വീബിൽ ഗമയോടെ കഴുത്തൊക്കെ നിവർത്തി ഒരു ഇരുപ്പുണ്ട്.

ഒന്നോ രണ്ടോ കുപ്പി ഗ്ലാസും ബാക്കി സ്റ്റീൽ ഗ്ലാസും നിരത്തിയതിൽ തരിക്കഞ്ഞിയും നാരങ്ങാ വെള്ളവും സ്ഥാനം പിടിച്ചിട്ടുണ്ടാവും. അറിയാതെ ബലം കൊടുത്താൽ ആടിക്കളിക്കുന്ന മേശയോട് ചേർത്ത് സ്റ്റൂൾ വലിച്ചിട്ട് ഇരുന്ന് ചുറ്റിലും നോക്കി ഓരോ പ്ലേറ്റും വിശദമായി കണ്ണു യന്ത്രം കൊണ്ട് ഒന്നു പരിശോധിക്കും. ഇരയെ പിടിക്കാനുള പരുന്തിന്റെ നോട്ടമായിരിക്കും അത്. ചിലപ്പോൾ അപൂർവ്വമായി കിട്ടുന്ന ഇറച്ചി അടയോ സമ്മൂസയോ ഉണ്ടാവും. അത് ഉണ്ടെങ്കിൽ കാരക്ക വായിലിട്ട് വെള്ളം കുടിച്ച് ചവയ്ക്കുന്നതിനിടയിൽ തന്നെ ആരെയും നോക്കാതെ കൈ നേരെ ചെല്ലുക അത്തരം പൊരിച്ച വിഭവങ്ങളിലേക്കായിരിക്കും. പിന്നെ എല്ലാവരും ചേർന്ന് ഒരു മൽപിടുത്തമാണ്. ഒന്നു മാറി മറ്റൊന്നിലേക്ക് ഓരോ പ്ലെയ്റ്റും കാലിയാക്കും. ഫ്രൂട്ട്സ് എന്ന് പറയാൻ മാങ്ങ ഉണ്ടെങ്കിലായി. പിന്നെ വത്തക്കയും മുന്തിരിയും കുറേശ്ശേ.., ഓരോ കഷ്ണം എടുക്കുമ്പോഴേക്കും തീരും.

അപ്പോഴേക്കും കൂട്ടത്തിൽ കുറച്ച് ഖുർആൻ പഠിച്ചൊരാൾ കോലായിൽ നിവർത്തി വിരിച്ച പുൽപായയിൽ കയറി നിന്ന് ബാങ്കും ഇഖാമത്തും കൊടുക്കും. എന്നിട്ട് തിരിഞ്ഞൊരു നോട്ടമുണ്ട്. വേറെ ആരെങ്കിലും ഇമാം നിൽക്കുമോ എന്നറിയാൻ. നിസ്ക്കാരം കഴിഞ്ഞാൽ അപ്പോൾ തന്നെ ഓരോ വിഭവവും വൃത്തിയായി സുപ്ര വിരിച്ച് നിലത്തെ പുൽപായയിൽ കൊണ്ട് വെക്കും. ചുറ്റിലും ചമ്രം പടിഞ്ഞിരുന്ന് ഏന്തിവലിഞ്ഞ് കട്ടിപ്പത്തിരിയും പൂരിയും ചപ്പാത്തിയും ഓരോന്ന് എടുത്ത് കായും പൂളയും ചെറുപയറും ഇട്ട് വെച്ച കറിയും കൂട്ടി നല്ല നാടൻ കോഴിയുടെ ഒരു കഷ്ണവും കുറച്ച് കറിയുമൊഴിച്ച് വയറു നിറഞ്ഞാലും നിർത്താതെ പ്ലേറ്റിലിട്ടത് തീരുന്നത് വരെ കഴിക്കും. മുക്കാൽ ഗ്ലാസ് നല്ല പാൽചായയും കൂടി കുടിച്ച് എഴുന്നേറ്റ് കൈ കഴുകി എല്ലാവരും ഓരോ വഴിക്ക് പെട്ടെന്ന് പിരിയും.

നിലാവ് പരന്നൊഴുകുന്ന രാത്രിയിൽ രാക്കഥ പറഞ്ഞ് തറാവീഹിന് പോയതും ഇരുട്ട് തളം കെട്ടിയ രാവുകളിൽ ടോർച്ച് മിന്നിച്ച് വെളിച്ചക്കീറുണ്ടാക്കി നടന്നകന്നതും ഓർമ്മകളിൽ സുഗന്ധം പരത്തിയിരിപ്പുണ്ട്. പള്ളിയിലെ തറാവീഹ് നിസ്കാരം ബഹുരസം തന്നെ.., റകഅത്ത് മുക്കാൻ ഇടക്കിടക്കുള്ള വെള്ളം കുടിക്കലുകളും മുത്രപ്പുര സന്ദർശനവും കുട്ടികൾ ഒരു ആചാരം പോലെ അനുഷ്ഠിച്ചിരുന്നു. നോമ്പോർമ്മകളിൽ ചിരി പടർത്തുന്ന കുഞ്ഞു കുസൃതികളാണവ.

"തായ് വേരുകളാണ് ഓർമ്മകൾ. മരമുണങ്ങിയാലും ചില്ലകളടർന്നാലും അവ മണ്ണിനടിയിൽ തളിർത്ത് നിൽക്കും. നോമ്പോർമ്മകൾ ഇനിയും പലതുമാണ്, കരകവിഞ്ഞൊഴുകി ക്കൊണ്ടിരിക്കുന്നു. ഉള്ളം കൈയ്യിൽ അൽപം കോരിയെടുത്തുവെന്ന് മാത്രം".
Previous Post Next Post
Italian Trulli
Italian Trulli