തിരവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷം രൂപ തൊട്ടു. 1,01,600 രൂപയായി വില ഉയർന്നതോടെയാണ് ചരിത്രത്തിലാദ്യമായി സ്വർണവില ലക്ഷം തൊട്ടത്. ഗ്രാമിന് 220 രൂപയുടെ വൻ വർധനവാണ് ഇന്നുണ്ടായത്. 12,700 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന് 1760 രൂപയുടെ വർധനവും ഇന്ന് രേഖപ്പെടുത്തി.
ആഗോള വിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വർണവില ഉയർന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4480 ഡോളർ പിന്നിട്ടു. നിലവിൽ 4,486 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 3.37 ശതമാനത്തിന്റെ വർധനവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായത്. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലക്കുമേൽ യുദ്ധപ്രഖ്യാപനവുമായി ട്രംപ് മുന്നിട്ടിറങ്ങിയത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
മേഖലയിൽ വലിയ യുദ്ധമുണ്ടാകുമെന്ന ഭയം നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതനിക്ഷേപം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇതിന് പുറമേ പലിശനിരക്ക് കുറച്ച് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സ്വർണവില വർധനക്ക് നേരത്തെ തന്നെ കളമൊരുക്കിയിരുന്നു. ആഗോള രാഷ്ട്രീയരംഗത്ത് തുടരുന്ന അനിശ്ചിതാവസ്ഥകൾ വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കും.
Tags:
kerala
