മുക്കം: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ
സാഹോദര്യവും ജനാധിപത്യവും സാമുദായിക സൗഹാർദ്ദവും സാമൂഹ്യ നീതിയും അടിസ്ഥാനമായ നവോത്ഥാന രാഷ്ട്രീയത്തിന് മാത്രമേ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കാനാവൂ.
നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്ന് ആരംഭം കുറിച്ചിരിക്കുകയാണ്.
നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന "സാഹോദര്യ കേരള പദയാത്ര" മെയ് 18 ന് ഞായറാഴ്ച 5 മണിക്ക് തിരുവമ്പാടി മണ്ഡലത്തിന്റെ സിരാകേന്ദ്രമായ മുക്കത്ത് എത്തിച്ചേരുകയാണ്.
യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങൾ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, സാമുദായിക നേതാക്കൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും.
പാർട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം‘ പദയാത്രയുടെ ഭാഗമായി അരങ്ങേറും.
ബാന്റ് വാദ്യങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും വ്യതസ്ത പ്ളോട്ടുകളുടെയും അകമ്പടിയോടെ നടക്കുന്ന സ്വീകരണ റാലി അഗസ്ത്യൻ മുഴി പാലത്തിനടുത്തുള്ള അത്താണി പമ്പിന് സമീപത്ത് നിന്നാരംഭിച്ച് മുക്കം പാലത്തിനടുത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിൽ സമാപിക്കും.
പൊതു സമ്മേളനത്തിൽ സംസ്ഥാന - ജില്ലാ നേതാക്കളായ ജബീന ഇർഷാദ്, ജ്യോതി വാസ് പറവൂർ, ഷംസീർ ഇബ്രാഹിം, ടി.കെ മാധവൻ, നൂഹ് ചേളന്നൂർ, എം.എ ഖയ്യൂം, ചന്ദ്രൻ കല്ലുരുട്ടി എന്നിവർ സംബന്ധിക്കും.
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും മുഴുവൻ മാധ്യമ പ്രവർത്തകരുടെയും പൂർണമായ പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി, സെക്രട്ടറി ഇ.കെ കെ ബാവ, വൈസ് പ്രസിഡണ്ട് എം.പി ജാഫർ മാസ്റ്റർ, ട്രഷറർ ലിയാഖത്തലി മുറമ്പാത്തി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Tags:
MUKKAM