Trending

ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് ഇനി പത്തിരട്ടി വേഗത : 5ജിയ്ക്ക് അനുമതി നൽകി കേന്ദ്രസർക്കാർ


ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇപ്പോഴത്തെ 4ജി നെറ്റ് വര്‍ക്കിനേക്കാള്‍  പത്തിരട്ടി വേഗമാണ് 5ജിക്കുള്ളത്.  5ജി സ്‌പെക്ട്രം ലേലത്തിന്  സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലം ചെയ്യുന്നത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രം ലേലത്തിൽ നല്‍കുന്നത്. ബാധ്യതകളൊന്നുമില്ലാതെ 10 വർഷത്തിന് ശേഷം വേണമെങ്കിൽ ടെലികോം കമ്പനികൾക്ക് ലേലം സറണ്ടർ ചെയ്യാനാകും. ഏകദേശം ജൂലൈ മാസത്തോടെ ലേലം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തലുകൾ.

5ജി സ്പെക്ട്രം ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തങ്ങൾ സേവനം ആരംഭിക്കുമെന്ന്  സ്വകാര്യ ടെലികോം കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. റിലയൻസിന്റെ ജിയോയും  ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും മുൻപന്തിയിലുണ്ട്. വിദേശ രാജ്യങ്ങളിൽ പലയിടത്തും 5ജി നേരത്തെ ഉപയോഗിക്കുന്നുണ്ട്.ഇന്ത്യയിൽ ലേലം പൂർത്തിയാകാത്തതുകൊണ്ടാണ് വൈകിയത്.ഈ വർഷം ലേലം ഉണ്ടാകുമെന്ന് നേരത്തെ സർക്കാർ സൂചിപ്പിച്ചിരുന്നു.

600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡുകൾക്കും വേണ്ടിയുള്ള ലേലമാണ് ഇനി നടക്കുന്നത്. മെഡി റേഞ്ച്, ഹൈ റേഞ്ച് ബാന്‍ഡ് സ്‌പെക്ട്രം എന്നിവ ആയിരിക്കും 5ജി വിന്യാസത്തിനായി ടെലികോം കമ്പനികൾ ഉപയോഗിക്കുന്നത്.

'പ്രൈവറ്റ് ക്യാപ്റ്റീവ് നെറ്റ്‌വർക്കുകളുടെ' വികസനവും മന്ത്രിസഭ ലക്ഷ്യമിടുന്നുണ്ട്. ഓട്ടോമോട്ടീവ്, ആരോഗ്യ സംരക്ഷണം, കൃഷി, ഊർജം, മറ്റ് മേഖലകൾ എന്നി മേഖലകളിൽ മെഷീൻ-ടു-മെഷീൻ കമ്മ്യൂണിക്കേഷൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിവ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിക്കുന്നുണ്ട്.

നിലവിലെ13, 15, 18, 21GHz ബാൻഡുകളിൽ പരമ്പരാഗത മൈക്രോവേവ് ബാക്ക്‌ഹോൾ കാരിയറുകളുടെ എണ്ണം ഇരട്ടിയാക്കാനും മന്ത്രിസഭ തീരുമാനിച്ചു. 5G സേവനങ്ങളെ വരവേൽക്കാൻ വിപണി ഒരുങ്ങിയിട്ടുണ്ട്. 5ജി ഫോണുകൾ വിപണിയിൽ സജീവമായി കഴി‍ഞ്ഞു. 5ജി സേവനം വരുന്നതോടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. കൂടാതെ ഈ മാറ്റത്തോടെ സാങ്കേതിക രംഗത്ത് പുതുവിപ്ലവങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Previous Post Next Post
Italian Trulli
Italian Trulli