Trending

കാമ്പസുകളിൽ ലൈംഗിക അധാർമികത: എസ്.എഫ്.ഐ നീക്കത്തിനെതിരെ മുസ്‌ലിം വിദ്യാർഥി സംഘടനകൾ


കോഴിക്കോട്
: സംസ്ഥാനത്തെ കാമ്പസുകളിൽ എസ്.എഫ്.ഐ നടത്താൻ ശ്രമിക്കുന്ന ലൈംഗിക ഉദാരവാദത്തെ നേരിടാൻ മുസ്‌ലിം വിദ്യാർഥി സംഘടനകൾ.

 എം.എസ്.എഫും എസ്.കെ.എസ്.എസ്.എഫും കാന്തപുരം വിഭാഗം എസ്.എസ്.എഫും മുജാഹിദ്, ജമാഅത്ത് സംഘടനകളും പരസ്യമായി രംഗത്തിറങ്ങുകയാണ്. 
എറണാകുളം മഹാരാജാസിലും തൃശൂർ കേരള വർമ കോളേജിലും എസ്.എഫ്.ഐ ഉയർത്തിയ പ്രചാരണ ബോർഡുകൾ ഏറെ വിമർശനത്തിനിടയായിരിക്കുകയാണ്. 

തൃശൂർ കേരള വർമയിലേത് അധികൃതരുടെ നിർദേശപ്രകാരം എടുത്തു മാറ്റുകയുണ്ടായി. 

ഇണ ചേരുന്ന ചിത്രം വരച്ച് തുറിച്ചു നോക്കണ്ട ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി എന്ന അടിക്കുറിപ്പ് എഴുതിയതും ലൈംഗിക സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതുമടക്കം ഏതാനും ബോർഡുകളും കേരളവർമയിൽ ഉയർന്നിരുന്നു. പ്രണയത്തിന് ലിംഗാതിർത്തി നിർണയിച്ചതാര് എന്ന ചോദ്യമുയർത്തി സ്വവർഗ ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയുണ്ട്. വ്യത്യസ്ത ജാതി മതക്കാർ തമ്മിലെ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന എസ്.എഫ്.ഐ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത പോരിന് ഇടയാക്കിയിട്ടുണ്ട്. 

മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി എസ്.എഫ്.ഐ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു. ഒരാൾ കമ്യൂണിസ്റ്റാകുമ്പോൾ അയാൾ പോകുന്നത് ലീഗ് ഫീസിന്റെ പരിസരത്തു നിന്നല്ല ദീനിന്റെ പരിസരത്തുനിന്നാണെന്ന കെ.എം. ഷാജിയുടെ വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗം ഷാജിക്ക് തന്നെ പുതിയ പ്രതിഛായ നിർമിച്ചു നൽകിയിട്ടുണ്ട്. മതം ഞങ്ങൾക്ക് പ്രശ്‌നം തന്നെയാണെന്ന് പ്രഖ്യാപിച്ച ഷാജി കഴിഞ്ഞ ദിവസം മലപ്പുറത്ത് എം.എസ്.എഫ് സമ്മേളനത്തിൽ എസ്.എഫ്.ഐ.യെ ഉടയാടകൾ അഴിപ്പിക്കുന്ന പ്രാന്താണെന്ന് വിശേഷിപ്പിക്കുകയുണ്ടായി. 
അനിയന്ത്രിതമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ  അധാർമികതകളെ സ്ഥാപിക്കാനാണ് എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി യുവജന സംഘടനകൾ ശ്രമിക്കുന്നതെന്ന് കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥി സംഘടനയായ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ അഭിപ്രായപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 

സാമൂഹിക ജീവിതത്തെ അരാജകമാക്കുകയും സാംസ്‌കാരിക- സദാചാര മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പരിപാടികളാണ് ഇടതുപക്ഷ വിദ്യാർഥി യുവജന സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എസ്.എസ്.എഫ് പ്രസ്താവനയിലൂടെ പറഞ്ഞു. ചൂഷണമുക്തമായ ഒരു രീതിശാസ്ത്രമെന്ന വ്യാജേന അവതരിച്ച ലിബറലിസം അരാജകത്വവും സദാചാര രാഹിത്യവുമാണ് സംഭാവന ചെയ്തത്. ലൈംഗികതയെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ഇവരുടെ ഗിമ്മിക്കുകൾ കാണുമ്പോൾ ലൈംഗിക ദാരിദ്ര്യമാണ് കലാലയങ്ങൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് തോന്നുക. കാമ്പസുകൾക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയുവാനോ നിലവാരമുള്ള രാഷ്ട്രീയം പ്രദർശിപ്പിക്കാനോ സാധിക്കാതെ വരുമ്പോഴുള്ള നിസഹായതയിൽ നിന്നാണ് പൈങ്കിളി രാഷ്ട്രീയത്തിലേക്കുള്ള ഈ പരകായപ്രവേശം. 

കേരള വർമ്മ കോളേജിലെ നവാഗതർക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോർഡുകളിലും പ്രത്യക്ഷപ്പെട്ടത് ഈ തുണിയഴിക്കൽ വിപ്ലവമായിരുന്നു -എസ്.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു.

Previous Post Next Post
Italian Trulli
Italian Trulli