Trending

രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം മലയാളിയുടേത്,പുനെയില്‍ മരിച്ചത് പാലക്കാട് സ്വദേശി


പുനെ: ഒമിക്രോണ്‍ ബാധിച്ച്‌ ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മരണം മലയാളിയുടേത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ് പുനെയില്‍ പുനെയില്‍ മരിച്ചത്.നൈജീരിയയില്‍ നിന്ന് എത്തിയ 52കാരന്‍ ഡിസംബര്‍ 28നാണ് മരിച്ചത്.

ഡിസംബര്‍ 12-ന് ഇദ്ദേഹം നൈജീരിയയില്‍ നിന്നുവന്നത്. ചിഞ്ച്‌വാഡിലാണ് ഇയാള്‍ താമസിക്കുന്നത്. പിംപ്രി യശ്വന്ത്‌റാവു ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നൈജീരിയയില്‍ നിന്നു വന്ന സമയത്ത് നടത്തിയ പരിശോധനകളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ചിഞ്ച്‌വാഡിലുള്ള തന്റെ കുടുംബത്തിന്റെകൂടെ താമസിച്ചു.

എന്നാല്‍ ഡിസംബര്‍ 17-ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്റാവു ചവാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടന്ന പരിശോധനയിലാണ് കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 13 വര്‍ഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മരിച്ച അന്ന് തന്നെ ഭാട്ട് നഗര്‍ ശ്മശാനത്തില്‍ സംസ്കാരം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച ഇദ്ദേഹത്തിന്റെ സാംപിളിന്റെ പരിശോധനാ ഫലം 30-ന് വന്നിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്നത്.

Previous Post Next Post
Italian Trulli
Italian Trulli