രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കാല്‍ ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 27,553 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഒരാഴ്ച്ച കൊണ്ട് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദില്ലിക്ക് പുറമെ മഹാരാഷ്ട്രയിലും ബംഗാളിലും സ്ഥിതി ഗുരുതരമാകുകയാണ്. അതേസമയം രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 1500 കടന്നു. 1525 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകളിലെ വര്‍ധന നേരിടാന്‍ സജ്ജമാകണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.
താത്കാലിക ആശുപത്രികള്‍ ഉള്‍പ്പടെ ഒരുക്കി ചികിത്സാ സൗകര്യങ്ങള്‍ കൂട്ടണം. ഹോട്ടലുകളും മറ്റും കൊവിഡ് ആശുപത്രികളാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ബന്ധപ്പെടാന്‍ കോള്‍ സെന്‍ററുകള്‍ ഒരുക്കണം. ജില്ലാ തലത്തില്‍ കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഗ്രാമീണ മേഖലയിലെ ചികിത്സാ സൗകര്യങ്ങളും ഓക്സിജന്‍ ലഭ്യതയും കുട്ടികള്‍ക്ക് ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളും ഉറപ്പാക്കാനും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം ഇസ്രായേലില്‍ ആശങ്ക പടര്‍ത്തി പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഫ്ലൊറോണ, കൊവിഡും ഫ്ലൂവും ചേര്‍ന്നുണ്ടാകുന്ന രോഗാവസ്ഥയാണ്. റാബിന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരിയ പനി,ജലദോഷം അടക്കമുള്ള രോഗലക്ഷണങ്ങളുമായി 1800 പേര്‍ ചികിത്സയിലാണ്. കൂടുതല്‍ പേരില്‍ വൈറസ് പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസില്‍ വിശദമായ പഠനം വേണമെന്ന വിലയിരുത്തലില്‍ ആണ് ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് നാലാം ഡോസ് വാക്സീനേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗഭീതി.
