കരിങ്കൊടി വീശുന്നത് ക്രിമിനൽ കുറ്റമാണോ ?
കരിങ്കൊടി വീശിയാൽ കേസെടുക്കാമോ ?
ചരിത്രപരമായി തന്നെ കറുപ്പ് പ്രതിഷേധത്തിന്റെയും , പ്രതിരോധത്തിന്റെയും, പ്രതികരണത്തിന്റെയും ചിഹ്നമാണ്.കറുപ്പ് നിറം മരണവുമായും ദുരന്തവുമായും ചേർത്തുവെച്ച് പാശ്ചാത്യർ ഉപയോഗിച്ചുവന്നു.അതേസമയം, വിപ്ലത്തിന്റെയും , വിയോജിപ്പിന്റെയും , സ്വാതന്ത്യത്തിന്റെയും ചിഹ്നമായി കറുത്ത കൊടികൾ ലോകത്ത് പലരും ഉപയോഗിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നടന്ന സ്പാനിഷ് പിന്തുടർച്ചാ യുദ്ധത്തിൽ കറ്റലോണിയൻ സൈന്യം 'We live free or we will die' എന്നെഴുതിയ കറുത്ത പതാക ഉപയോഗിച്ചു. 17-ാം നൂറ്റാണ്ടിന്റെ അവസാനം വരെ അരാജകവാദികളുടെ വിവിധ സംഘങ്ങൾ കരിങ്കൊടികളെ തങ്ങളുടെ അടയാളമാക്കിയിരുന്നു. ഒരു ഘട്ടത്തിൽ ഇറ്റലിയിലെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയുടെ പതാകയുടെ നിറം കറുപ്പായിരുന്നു. ലോക മഹായുദ്ധങ്ങളിൽ കറുത്ത കൊടി വിവിധ സാഹചര്യങ്ങളിൽ വ്യത്യസ്ത സൂചനകളോടെ ഉപയോഗിച്ചു. ഹിറ്റ്ലറുടെ കീഴിലുള്ള ഒരു പാരാമിലിറ്ററി വിഭാഗത്തിന്റെ പതാകയുടെ നിറം കറുപ്പായിരുന്നു. ഐഎസ്ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളിൽ പലതും കറുപ്പിൽ മുദ്രിതമായ കൊടികൾ ഉപയോഗിക്കുന്നത് വ്യാപകമാണ്.
വെളുപ്പിന്റെ വിരുദ്ധ ദ്വന്ദ (dialectical duel) മായി, മുൻവിധികളോടെയാണ് കറുപ്പിനെ ചിലപ്പോഴൊക്കെ ലോകം കണ്ടത്. വെളുപ്പ് സംസ്കാരികോന്നതിയുടെയും , ബൗദ്ധികതയുടെയും , അറിവിന്റെയും , സമ്പന്നതയുടെയും നിറമായപ്പോൾ കറുപ്പ് അതിന്റെയൊക്കെ മറുപുറമായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സങ്കൽപം സവർണനെന്നും അവർണനെന്നും മനുഷ്യനെ നിറം കൊണ്ട് വേർതിരിച്ചു. ഇന്ത്യൻ സാമൂഹ്യ ജീവിതത്തിന്റെ ആഴങ്ങളിലോടുന്ന ജാതിവേരുകളിൽ ഈ നിറവ്യത്യാസം ഗാഢമായി ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ചരിത്രപരമായിക്കൂടിയാണ് കറുപ്പിനോടുള്ള വിരോധം ഒരാളുടെ അബോധത്തിൽ അടയാളപ്പെട്ടിരിക്കുന്നത്. കറുപ്പിനെ വെറുപ്പോടെയും , ഭയാശങ്കകളോടെയും സമീപിക്കുമ്പോൾ ഈ വരേണ്യബോധം കൂടിയാണ് ഒരു നേതാവ് പങ്കുവെക്കുന്നത്.
കരിങ്കൊടി, കോലം കത്തിക്കൽ, പ്രതീകാത്മകമായി ചെരിപ്പുമാല അണിയിക്കൽ, മഷി കുടയൽ തുടങ്ങിയവയൊക്കെ താരതമ്യേന ആക്രമണോത്സുകത കുറഞ്ഞ, സമാധാനപരമായ പ്രതിഷേധ മാർഗങ്ങളായാണ് കരുതപ്പെടുന്നത്. തിളങ്ങിനിൽക്കുന്ന നേതാക്കളുടെ പ്രതിച്ഛായയ്ക്കുമേൽ വീഴുന്ന കരിനിഴൽ/കറുപ്പ് ആയിരിക്കാം ഇത്തരം പ്രതിഷേധ രൂപങ്ങളിലൂടെ പ്രതീകവത്കരിക്കപ്പെടുന്നത്. വെളുപ്പിനു മേൽ പടരുന്ന മാലിന്യത്തെ പ്രതിനിധാനം ചെയ്യുംവിധം കറുപ്പ് ഇവിടെ ഒരു രൂപകമായി മാറുന്നു. വെളുപ്പ്-കറുപ്പ് എന്ന ദ്വന്ദത്തിൽ ഊന്നിയാണ് ഈ പ്രതിഷേധവും , പ്രതിഷേധത്തോടുള്ള പ്രതികരണവും നിലനിൽക്കുന്നതെന്ന് ചുരുക്കം.
അഹിംസാത്മകമായ സമരമാർഗം എന്ന നിലയ്ക്കാണ് സ്വാതന്ത്ര്യസമര കാലം മുതൽ ഈ പ്രതിഷേധം ഉപയോഗിച്ചിരുന്നത്. ധർണയുടെയോ , പിക്കറ്റിങ്ങിന്റെയോ , ജാഥയുടെയോ അത്രപോലും വയലൻസ് ഇല്ലാത്ത, പ്രസംഗങ്ങളുടെയത്രപോലും രൂക്ഷതയില്ലാത്ത ഒരു സമരരൂപമാണത്. ജനപ്രതിനിധിയോടോ , വ്യക്തിയോടോ , പാർട്ടിയോടോ സമീപനത്തോടോ ഉള്ള പ്രതിഷേധമറിയിക്കാൻ ഒരേപോലെ ചിന്തിക്കുന്ന ഒരുകൂട്ടം പേരോ ഒരു വ്യക്തി ഒറ്റയ്ക്കോ നടത്തുന്ന പ്രതീകാത്മക പ്രവൃത്തിയാണത്. ഉയർത്തിക്കാട്ടുന്ന കറുത്ത നിറമുള്ള ഒരു തുണിക്കഷണം പ്രതിഷേധത്തെ പ്രതീകവത്കരിക്കുന്നു.
യഥാർഥത്തിൽ കരിങ്കൊടി കാണിക്കുന്നതോ , കോലം കത്തിക്കുന്നതോ നിയമപരമായി നിലനിൽക്കുന്ന ഒരു കുറ്റകൃത്യമല്ല. അതുകൊണ്ടാണ് ഇത്തരം കേസുകൾ ചാർജ് ചെയ്യുമ്പോൾ കലാപശ്രമം, ക്രമസമാധാന ലംഘനം, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ ചെയ്യാത്ത കുറ്റങ്ങൾ ചുമത്തപ്പെടുന്നത്. കരിങ്കൊടി കാണിച്ചു എന്നതുകൊണ്ടു മാത്രം ആരെയും അറസ്റ്റ് ചെയ്യാനോ ശിക്ഷിക്കാനോ ആവില്ലെന്ന് ചുരുക്കം. കറുപ്പ് എന്ന നിറം മനുഷ്യരിൽ ഉണ്ടാക്കുന്ന അശുഭ ചിന്തയിൽനിന്നോ , ഭീതികളിൽനിന്നോ ചില മുൻവിധികളിൽ നിന്നോ ആയിരിക്കണം കറുപ്പിനോടുള്ള ഭരണകൂടത്തിന്റെ ശത്രുത രൂപപ്പെടുന്നത്. രാഷ്ട്രീയ-ഭരണരംഗത്ത് മറ്റു പലതിലും എന്നതുപോലെ കറുപ്പിനോടുള്ള വെറുപ്പിന്റെ അടിവേരുകളും ചെന്നെത്തിനിൽക്കുന്നത് ബ്രിട്ടീഷ് ഭരണത്തിൽത്തന്നെയാണെന്നു പറയാം.
സ്വാതന്ത്ര്യസമര കാലത്ത് പ്രതിഷേധ സൂചകമായി ഇന്ത്യക്കാർ കരിങ്കൊടിയുയർത്തുന്നത് ബ്രിട്ടീഷുകാരെ ഭ്രാന്തുപിടിപ്പിച്ചിരുന്നു എന്നതിന് ചരിത്രം തെളിവുകൾ നൽകും. ഇന്ത്യയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ബ്രിട്ടീഷ് ഗവൺമെന്റ് സൈമൺ കമ്മീഷനെ (സർ ജോൺ സൈമൺ തലവനായ കമ്മീഷൻ) നിയോഗിച്ചത്. കമ്മിറ്റിയിൽ ഇന്ത്യക്കാരനായ ഒറ്റ അംഗം പോലും ഇല്ലാത്തത് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെല്ലാം ഈ കമ്മീഷനെ ബഹിഷ്കരിച്ചു.ലാഹോറിൽ സൈമൺ കമ്മീഷൻ നടത്തിയ സന്ദർശനത്തിനു നേരെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ ഒരു സംഘം കരിങ്കൊടിയുമായി പ്രതിഷേധിച്ചു. 'സൈമൺ ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിച്ചു. ലാഹോർ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ രൂക്ഷമായ ലാത്തി ചാർജ് നടത്തിയായിരുന്ന ബ്രിട്ടീഷ് ഭരണകൂടം ഇതിനെ നേരിട്ടത്. ലജ്പത് റായിയെ തിരഞ്ഞുപിടിച്ച് ക്രൂരമായി മർദിച്ചു. 'ഇന്ന് എനിക്കേറ്റ അടികൾ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും', പരിക്കേറ്റു കിടക്കുമ്പോൾ അദ്ദേഹം പറഞ്ഞു. ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകൾ മൂലം നവംബർ 17-ന് അദ്ദേഹം അന്തരിച്ചു.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെയോ , അവസാനത്തെയോ സംഭവമായിരുന്നില്ല ഇത്. 1921 നവംബറിൽ മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം പ്രിൻസ് എഡ്വേഡ് എട്ടാമനെ പ്രക്ഷോഭകർ കരിങ്കൊടി കാട്ടി. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളെ തുടർന്നായിരുന്നു ഇത്.ബ്രിട്ടീഷുകാർക്ക് നേരെ മാത്രമല്ല, മഹാത്മാഗാന്ധി അടക്കമുള്ള നേതാക്കൾക്കു നേരെയും കരിങ്കൊടി പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതിനെ തുടർന്നുണ്ടായ സമരപ്രക്ഷോഭങ്ങളുടെ ഫലമായി 1931-ൽ കറാച്ചിയിൽ നടന്ന സമ്മേളനത്തിൽ മഹാത്മാഗാന്ധിക്കു നേരെ പ്രക്ഷോഭകർ കരിങ്കൊടി ഉയർത്തി. ഗാന്ധിസത്തിനെതിരായി മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധക്കാർ തനിക്കുനേരെ നീട്ടിയ കറുത്തകൊടികൾ പുഞ്ചിരിച്ചുകൊണ്ട് ഗാന്ധി ഇരുകൈയ്യും നീട്ടി ഏറ്റുവാങ്ങി.
ഇന്ത്യയിൽ കരിങ്കൊടിയെ കുറ്റകൃത്യമാക്കിയത് ബ്രിട്ടീഷുകാർ ആയിരിക്കാമെങ്കിലും ഇന്നത്തെ ബ്രിട്ടണിൽ അതല്ല സ്ഥിതി. ആധുനിക ജനാധിപത്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുള്ള ഏറ്റവും പരിഷ്കൃതമായ മാർഗമായി വിലയിരുത്തപ്പെടുന്നതിനാൽ ബ്രിട്ടണിൽ കരിങ്കൊടിക്ക് നിരോധനമില്ല. മറ്റു പലതും പോലെ ബ്രിട്ടീഷുകാർ പകർന്നുനൽകിയ യുക്തിരഹിതമായ കരിങ്കൊടിവിരുദ്ധതയാണ് ഇന്ത്യൻ ഭരണാധികാരികളും ഇപ്പോഴും തുടരുന്നത്. ബ്രിട്ടീഷുകാർ കയ്യൊഴിഞ്ഞ വിക്ടോറിയൻ കാലത്തെ കാലഹരണപ്പെട്ട പല നിയമങ്ങളും നമ്മുടെ നീതിന്യായവ്യവസ്ഥയിൽ ഇപ്പോഴും തുടരുന്നുണ്ട് അതുപോലെതന്നെ ഇതും.
ലോകത്ത് വിവിധയിടങ്ങളിൽ വ്യത്യസ്ത ചരിത്രസന്ദർഭങ്ങളിൽ കാലവും , സന്ദർഭവും , വ്യക്തികളും വ്യത്യാസപ്പെടുന്നുണ്ടെങ്കിലും കറുപ്പ് ധരിച്ച് പ്രതിഷേധിക്കുന്നവരെ ഭരണകൂടം/അധികാരം നിഷ്കരുണം നേരിടുന്നത് കാണാം. ക്രൂരമായി മർദിക്കുന്നു, അടിച്ചൊതുക്കുന്നു, ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നു.ഇന്ത്യയിലും വിവിധ ഭാഗങ്ങളിൽ പ്രതിഷേധചിഹ്നമായി കറുത്ത കൊടി ഉയർത്തുമ്പോൾ ഐപിസി 143, 145, 147, 149, 151, 341, 504, 506 എന്നിങ്ങനെ ജാമ്യമില്ലാക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസുകളെടുക്കുന്നു.
നിയമ പ്രകാരം കരിങ്കൊടി കാണിച്ചാൽ പൊലീസ് സാധരണയായി എടുക്കുന്നത് ഐപിസി 144, 145 വകുപ്പുകൾ പ്രകാരമുള്ള കേസാണ്. നിയമവിരുദ്ധമായി സംഘം ചേരലിനാണ് കേസെടുക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ, തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.വഴി തടഞ്ഞും, വാഹനത്തിന് മുന്നിലേക്ക് ചാടിയുമാണ് കരിങ്കൊടി വീശി പ്രതിഷേധം രേഖപ്പെടുത്തുന്നതെങ്കിൽ ഐപിസി 341 കൂടി ചുമത്തും. മറ്റൊരു വ്യക്തിയെ തടഞ്ഞ് വയ്ക്കുന്നതിനുള്ള ശിക്ഷയാണ് ഇത്. ഒരു മാസം വരെ തടവോ 500 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ചില അവസരങ്ങളിൽ പൊതുസമാധാനം തകർക്കാൻ സംഘം ചേരുന്നതിന് ചുമത്തുന്ന ഐപിസി 151 കൂടി ചിലപ്പോൾ ഉൾപ്പെടുത്താം. ഇവയെല്ലാം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.
ശബ്ദം പോലും അനിവാര്യമല്ലാത്ത, സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന ഈ നിരുപദ്രവ പ്രകടനം നേതാവിനെ ഭയപ്പെടുത്തുകയോ , അസഹിഷ്ണുവാക്കുകയോ ചെയ്യുന്നു. ഒരുപക്ഷേ, തന്റെ തന്നെ വ്യക്തിത്വത്തിനുമേൽ, പൊതുസ്വീകാര്യതയ്ക്കുമേൽ, പ്രതിച്ഛായയ്ക്കുമേൽ പടർന്ന കരിനിഴൽ ആ കറുപ്പുതുണിശീലയിൽ പ്രതിഫലിക്കുന്നതാകാം അതിനു കാരണം. ആ തുണിക്കഷണം പ്രതിനിധാനംചെയ്യുന്ന ജനതയുടെ അസംതൃപ്തിയും , അനിഷ്ടവും തന്റെ അധികാരക്കസേരയെ ദുർബലപ്പെടുത്തുന്നതായി നേതാവിന് തോന്നുന്നുണ്ടാവാം. അടിസ്ഥാനപരമായി, ജനാധിപത്യം എന്ന സംവിധാനം തന്നെ നിലനിൽക്കുന്നത് പ്രതിനിധാനത്തിലും പ്രതീകവത്കരണത്തിലുമാണെന്ന തിരിച്ചറിവുണ്ടാക്കുന്ന അരക്ഷിതത്വം കൊണ്ടുമാകാം.
ഗാന്ധിക്കെതിരായി ഉന്നയിക്കപ്പെട്ട വിയോജിപ്പിന്റെ, അഭിപ്രായവ്യത്യാസത്തിന്റെ കരിങ്കൊടി ചെറുപുഞ്ചിരിയോടെ ഇരുകൈയ്യും നീട്ടി സ്വീകരിക്കപ്പെട്ടെങ്കിൽ, ലാലാ ലജ്പത് റായി ഉയർത്തിയ കരിങ്കൊടി അദ്ദേഹത്തിന്റെ ശവക്കച്ചയായി. ചരിത്രത്തിൽ ഒരേ പ്രവൃത്തി വ്യത്യസ്ത സാഹചര്യങ്ങളിൽ മൂല്യനിർണയം ചെയ്യപ്പെടുന്നത് വ്യത്യസ്തമായാണ്. ഇന്നത്തെ ലോകത്ത് ഗാന്ധിയുടെ സഹിഷ്ണുത നേതാക്കളിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
കടപ്പാട്:ശ്യാം മുരളി
Tags:
KNOWLEDGE
