Trending

ഗുഡ്ബൈ ഇന്റർനെറ്റ് എക്സ്പ്ലോറർ... വിടവാങ്ങുന്നത് ഒരു യുഗം, പ്രിയ ബ്രൗസര്‍ ഇനി ഓര്‍മകളില്‍


27 വർഷത്തിന് ശേഷം മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ അടച്ചുപൂട്ടുന്നു. 90കളിലെ ഉപയോക്താക്കൾക്ക് ഇനിയത് ഗൃഹാതുരത. ലോകമെങ്ങുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഒട്ടനേകം നല്ല ഓർമകളിൽ മാത്രം ഇനി ഈ ബ്രൗസർ ബാക്കിയാകും. അതേ 90കളിലെ ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണ് മൈക്രോസോഫ്റ്റ്. പുതിയ ബ്രൗസറുകളുമായി പിടിച്ചുനിൽക്കാൻ കഴിയാതെയാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ വിടവാങ്ങുന്നത്.

1995ലാണ് ആഡ് ഓൺ പാക്കേജ് പ്ലസിന്റെ ഭാഗമായി വെബ് ബ്രൗസർ ആദ്യമായി പുറത്തിറങ്ങിയത്. പിന്നീടുള്ള പതിപ്പുകൾ സൗജന്യ ഡൗൺലോഡ് അല്ലെങ്കിൽ ഇൻ-സർവീസ് പായ്ക്കുകളായി ലഭ്യമായിരുന്നു. വിൻഡോസ് 95-ന്റെ യഥാർഥ ഉപകരണ നിർമാതാവിന്റെ  സേവന റിലീസുകളിലും വിൻഡോസിന്റെ പിന്നീടുള്ള പതിപ്പുകളിലും ഉൾപ്പെടുത്തി.

2003-ൽ 95 ശതമാനം ഉപയോഗ പങ്കാളിത്തത്തോടെ ബ്രൗസർ അതിന്റെ ഉന്നതിയിലെത്തി. എന്നാൽ എതിരാളികളിൽ നിന്ന് പുതിയ ബ്രൗസറുകൾ പുറത്തിറങ്ങിയതോടെ, തുടർന്നുള്ള വർഷങ്ങളിൽ അവരുടെ ഉപയോക്തൃ അടിത്തറ കുറഞ്ഞു. പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി ഇന്റർനെറ്റ് എക്സ്പ്ലോററിനുള്ള പുതിയ ഫീച്ചർ വികസനം 2016-ൽ നിർത്തലാക്കി. എന്നാൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ സാവധാനം നിർത്തലാക്കാൻ മെക്രോസോഫ്റ്റ് തീരുമാനമെടുത്തത് ഇതാദ്യമാണ്. 2021 ഓഗസ്റ്റ് 17 ന് ഇന്റർനെറ്റ് എക്സ്പ്ലോറർ നുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചിരുന്നു.

1990-കളിലും 2000ത്തിന്റെ തുടക്കത്തിലും വീട്ടിലും സ്‌കൂളുകളിലും ഓഫിസുകളിലും കംപൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ളവർക്ക് ഇന്റർനെറ്റ് എക്‌സ്‌പ്ലോററുമായി ബന്ധപ്പെട്ട നല്ല ഓർമകൾ തീർച്ചയായും ഉണ്ടാകും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വേൾഡ് വൈഡ് വെബിലേക്കുള്ള ആദ്യ ജാലകമായി പ്രവർത്തിച്ചതും ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ്. കാലം മായ്ച്ചുകളയുന്ന ഗൃഹാതുരതയായി ഇനി ഇന്റർനെറ്റ് എക്സ്പ്ലോളറും മാറുകയാണ്.

∙ ഗൂഗിളുമായുള്ള അന്തർധാര സജീവം, റാഡിക്കലായ മാറ്റത്തിനു മൈക്രോസോഫ്റ്റ്

ക്രോം വെബ് ബ്രൗസറിനു വേഗം കുറവാണ്, വേണ്ടത്ര സുരക്ഷയില്ല തുടങ്ങി പരാതികൾ കുറച്ചൊന്നുമല്ല മൈക്രോസോഫ്റ്റ് പറഞ്ഞിട്ടുള്ളത്. എന്നിട്ട് ഒടുവിൽ ക്രോമിയം എൻജിനിലേക്ക് എഡ്ജ് ബ്രൗസറിനെയാകെ പറിച്ചുനട്ട് ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. രാഷ്ട്രീയത്തിൽ എൽഡിഎഫും യുഡിഎഫും പോലെയാണ് വെബ് ബ്രൗസറുകൾക്കിടയിൽ ക്രോമിയം ബ്രൗസറുകളും കുത്തക ബ്രൗസറുകളും. ക്രോമിയം ബ്രൗസറുകൾ ഗൂഗിളിന്റെ ക്രോമിയം എന്ന ഓപൺസോഴ്സ് പദ്ധതിയിൽ അധിഷ്ഠിതമാണ്. അതിന്റെ സോഴ്സ് കോഡ് എല്ലാവർക്കും കാണാം, പരിഷ്കരിക്കാം. 

ഇന്നു ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഗൂഗിൾ ക്രോം ബ്രൗസറിനു പുറമേ ഒപേറ, ബ്രേവ്, വിവാൾഡി തുടങ്ങിയ മറ്റുള്ള ബ്രൗസറുകളിൽ ഏറിയപങ്കും ക്രോമിയത്തിൽ നിർമിച്ചതാണ്. മൈക്രോസോഫ്റ്റ് ഇന്റർനെറ്റ് എക്സ്പ്ലോറർ, അതിന്റെ തുടർച്ചയായെത്തിയ എഡ്ജ്, ആപ്പിൾ സഫാരി എന്നിങ്ങനെ വിരലിലെണ്ണാവുന്നവ മാത്രമാണ് ഓപൺസോഴ്സ് അല്ലാതെ കമ്പനികളുടെ കുത്തകയായി തുടരുന്നത്. ഇവയുടെ സോഴ്സ് കോഡ് പരസ്യമല്ല.

എഡ്ജ് ബ്രൗസർ ക്രോമിയത്തിലേക്കു മാറിയതോടെ ബ്രൗസർ യുദ്ധത്തിലെ വലിയൊരു മുന്നണിമാറ്റമാണ് അരങ്ങേറിയത്. പുറമേ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെങ്കിലും എഡ്ജ് ബ്രൗസർ ഉള്ളിൽ അടിമുടി മാറിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ സ്വന്തം എഡ്ജ് എച്ച്ടിഎംഎൽ, ചക്ര ബ്രൗസർ എൻജിനുകളിലാണ് നിലവിലുള്ള എഡ്ജ് ബ്രൗസറിന്റെ പ്രവർത്തനം. ഇതിൽ നിന്നാണ് ഗൂഗിളിന്റെ ക്രോമിയത്തിലേക്കുള്ള ചുവടുമാറ്റം. ക്രോമിയത്തിലേക്കുള്ള മാറ്റത്തിന് ഗൂഗിൾ എൻജിനീയർമാരിൽ നിന്ന് അഭൂതപൂർവമായ പിന്തുണയും സഹായവുമാണ് ലഭിച്ചതെന്ന് മൈക്രോസോഫ്റ്റ് സാക്ഷ്യപ്പെടുത്തിയിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli