കോവിഡ് വ്യാപനം തുടങ്ങിയ 2020-21ൽ തത്‌കാൽ, പ്രീമിയം തത്‌കാൽ ടിക്കറ്റുകൾ വിറ്റവകയിൽ റെയിൽവേക്ക് ലഭിച്ചത് 522 കോടി രൂപ. ഓരോ 10 ശതമാനം ടിക്കറ്റ് ബുക്ക്ചെയ്തുകഴിയുമ്പോഴും 10 ശതമാനം നിരക്ക് കൂടുന്ന ഡൈനാമിക് ഫെയർവഴി 511 കോടി രൂപയും റെയിൽവേക്കുകിട്ടിയെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. അടിയന്തരഘട്ടത്തിൽ യാത്ര ചെയ്യുന്നവരാണ് ഈ മൂന്നുതരം ടിക്കറ്റുകളുമെടുക്കുന്നത്.
മധ്യപ്രദേശുകാരനായ ചന്ദ്രശേഖർ ഗൗറാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. 2021-22 സാമ്പത്തികവർഷം സെപ്റ്റംബർവരെ ഡൈനാമിക് ഫെയർ ഇനത്തിൽ 240 കോടി രൂപയും തത്കാൽ ടിക്കറ്റ് ഇനത്തിൽ 353 കോടി രൂപയും പ്രീമിയം തത്കാൽ വിറ്റവകയിൽ 89 കോടി രൂപയും റെയിൽവേക്കു കിട്ടി.
യാത്രാ നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്ന 2019-20 സാമ്പത്തികവർഷ ഡൈനാമിക് ഫെയറായി റെയിൽവേക്കു കിട്ടിയത് 1313 കോടി രൂപയാണ്. തത്കാൽ ടിക്കറ്റ് നിരക്കായി 1669 കോടി രൂപയും പ്രീമിയം തത്കാൽ നിരക്കായി 603 കോടി രൂപയും കിട്ടി.
തത്കാൽ ടിക്കറ്റുകൾക്ക് ഈടാക്കുന്ന തുക അൽപം കൂടതലാണെന്ന് റെയിൽവേ കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഒരുമാസംമുമ്പ് അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും അത്യാവശ്യമായി സ്വന്തക്കാരെ കാണാൻ പോകുന്നവർക്കും അതിനായി ചെറുദൂരംമാത്രം യാത്ര ചെയ്യേണ്ടിവരുന്നവർക്കും ഇത് ഭാരമാണെന്നാണ് കമ്മിറ്റി വിലയിരുത്തിയത്.
വെയ്റ്റിങ് ലിസ്റ്റിലായിപ്പോയതു കാരണം 52,96,741 യാത്രക്കാർക്ക് യാത്ര ചെയ്യാനായില്ലെന്നും രേഖ പറയുന്നു. നടപ്പുസാമ്പത്തികവർഷം സെപ്റ്റംബർവരെയുള്ള കണക്കാണിത്.
Tags:
KERALA
